'കേസ് പൊലീസ് കെട്ടിച്ചമച്ചത്, കോടതി പരാജയപ്പെട്ടു'; ജാമ്യാപേക്ഷയുമായി രാഹുൽ ഈശ്വർ കോടതിയിൽ

അതിജീവതയുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും രാഹുല്‍ ജാമ്യാപേക്ഷയില്‍

'കേസ് പൊലീസ് കെട്ടിച്ചമച്ചത്, കോടതി പരാജയപ്പെട്ടു'; ജാമ്യാപേക്ഷയുമായി രാഹുൽ ഈശ്വർ കോടതിയിൽ
dot image

കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും അതിജീവതയുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും രാഹുല്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

അതിജീവിതയുടെ പേരോ ഫോട്ടോയോ ഉപയോഗിച്ചിട്ടില്ല. ഉള്ളടക്കം പരിശോധിക്കുന്നതില്‍ കോടതി പരാജയപ്പെട്ടു. വീഡിയോ കോടതി കണ്ടില്ലെന്നും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുല്‍ ഈശ്വറിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു. വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതായിരുന്നു നടപടി. രാഹുലിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. അതിജീവിതയുടെ ഐഡൻ്റിറ്റി രാഹുൽ വെളിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. എന്നാൽ രാഹുല്‍ ഈശ്വര്‍ ഒരു ഘട്ടത്തില്‍ പോലും യുവതിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചത്. രാഹുലിന്റെ വീഡിയോയില്‍ അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളി. കുറ്റം നിസാരമായി കാണാനാകില്ലെന്നും ലൈംഗികച്ചുവയോടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കുറ്റത്തില്‍ കഴമ്പുണ്ടെന്നും കോടതി വിലയിരുത്തി. തുടർന്ന് രാഹുലിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

നവംബർ 30നാണ് അതിജീവിതയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനും രാഹുലിനെ അറസ്റ്റ് ചെയ്തത്. സൈബര്‍ അധിക്ഷേപത്തിന് ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്തായിരുന്നു അറസ്റ്റ്. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കല്‍ ആണ് ഒന്നാം പ്രതി. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ അഞ്ചാം പ്രതിയാണ്.

Content Highlights- Rahul Easwar files bail plea

dot image
To advertise here,contact us
dot image