

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന 9, 11 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9, 11 തീയതികളിൽ അതത് ജില്ലകളിലാണ് അവധി.ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങൾ ശമ്പളത്തോട് കൂടിയുള്ള അവധി നൽകണമെന്നാണ് ഉത്തരവ്.
സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധിയും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നിർദ്ദേശം നല്‍കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയത്. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 13ന് സംസ്ഥാനത്ത് വോട്ടെണ്ണൽ നടക്കും.
Content Highlight : Local body elections; Paid holiday on December 9 and 11 in the state