

തിരുവനന്തപുരം: പ്രതിപക്ഷം ഏറ്റവും ശക്തമായി ഉന്നയിച്ച അഴിമതി ആരോപണം ആയിരുന്നു കിഫ്ബി മസാല ബോണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിന് പിന്നിൽ ധാരാളം ദുരൂഹതകളുണ്ടെന്നും സതീശൻ പറഞ്ഞു.
9.732 ശതമാനം പലിശയ്ക്ക് അന്താരാഷ്ട്ര ഫിനാൻസ് മാർക്കറ്റിൽനിന്ന് പണം കടമെടുക്കുകയെന്നാൽ സമീപകാലത്ത് കണ്ട ഏറ്റവും കൂടിയ പലിശയാണത്. അത്രയും വലിയ പലിശയ്ക്ക് മസാല ബോണ്ടിൽ പണം സ്വീകരിക്കേണ്ട ആവശ്യമില്ല. 2150 കോടി രൂപ എടുത്തിട്ട് അതിന് 1045 കോടി രൂപ പലിശയാണ്. അഞ്ച് കൊല്ലം കൊണ്ട് പകുതിയോളം രൂപ പലിശയാണ്. ഞങ്ങൾ അതിനെയാണ് വിമർശിച്ചതെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് ഇത്രയും പലിശക്ക് മസാല ബോണ്ട് വഴി പണം എടുത്തത്. ലാവലിനുമായി ബന്ധമുള്ള കമ്പനിയിൽനിന്നാണ് ഇത് ചെയ്തത്. അന്നത്തെ ധനകാര്യ മന്ത്രി നൽകിയ വിശദീകരണം എല്ലാം തെറ്റാണ്. എല്ലാം കഴിഞ്ഞ് ലണ്ടനിൽ പോയി മുഖ്യമന്ത്രി മണിയടിക്കുക മാത്രമാണ് ചെയ്തത്. ഈ മണിയടിച്ചത് വലിയ സംഭവമായി കൊട്ടിഘോഷിച്ചു.
മുഖ്യമന്ത്രി എന്ന നിലയിലല്ല കിഫ്ബി ചെയർമാൻ എന്ന നിലയിൽ ആണ് പിണറായി വിജയൻ പോയി മണിയടിച്ചത്. അതിന്, ലണ്ടനിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മണിയടിച്ച ആദ്യ മുഖ്യമന്ത്രിയെന്ന് കേരളം മുഴുവൻ കൊട്ടിഘോഷിച്ചു. നടന്നതെല്ലാം പി ആർ സ്റ്റണ്ട് മാത്രമാണ്. ഇതിന് പിന്നിൽ അഴിമതിയുണ്ടായിരുന്നുവെന്നും സതീശൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ ഇഡി നോട്ടീസ് അയച്ചത് എന്തിനാണ് എന്നറിയില്ല. കരുവന്നൂരിലും സമാനസംഭവം നടന്നു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപായി ഇഡി നോട്ടീസ് അയച്ചിരിക്കുന്നത് സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും പേടിപ്പിക്കുന്നതിനു വേണ്ടിയാണ്, അല്ലാതെ ഇഡി കൂടുതൽ ഒന്നും ചെയ്യില്ല. കേരളത്തിൽ ബിജെപിയെ സഹായിക്കാൻ വേണ്ടി ഉള്ള ഒരു ഭയപ്പെടുത്തൽ ആണ് ഈ നോട്ടീസെന്നും സതീശൻ പറഞ്ഞു.
ലണ്ടനിൽ പോയി മണിയടിച്ചപ്പോൾ എന്തൊക്കെയാണ് പറഞ്ഞത്. ഇന്ന് ഏത് കിഫ്ബിയെന്ന് ചോദിക്കാതിരുന്നത് ഭാഗ്യം. ഒഴിഞ്ഞുമാറിയാൽ അത് തമാശയാകും. കിഫ്ബിയെ അഭിമാനമായി കൊണ്ടുനടന്നവർ, ഏതോ ഒരു കിഫ്ബി ലോൺ എടുത്തതിന്റെ പേരിൽ എനിക്ക് നോട്ടീസ് വന്നുവെന്ന് പറഞ്ഞാൽ മലയാളികൾ ചിരിക്കുമെന്നും സതീശൻ പറഞ്ഞു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിൽ സന്ദീപ് വാര്യരെ പ്രതിചേർത്തതിലും സതീശൻ പ്രതികരിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, തെറ്റായ കാര്യം ആര് ചെയ്താലും അതിനെ പ്രതിരോധിക്കില്ല.
തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷണത്തിൽ തെളിയിക്കപ്പെടട്ടെയെന്നും സതീശൻ പറഞ്ഞു.
Content Highlights: VD Satheesan reacts on ED notice on KIIFB Masala Bond