

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ചതിൽ പരിഹാസവുമായി കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. 'ഒരു നോട്ടീസ് അയക്കുന്നു. മോൾക്കും മോനും അയച്ച പോലെ ഒരു നോട്ടീസ്. കരുവന്നൂരിലെ, ലൈഫ് മിഷനിലെ, മാസപ്പടിയിലെ പോലെ, കണ്ണിൽ പൊടിയിടാൻ മാത്രം. കാര്യമാക്കണ്ട. സസ്‌നേഹം സഖാവിന്റെ സ്വന്തം ഇഡി' എന്നാണ് കുറിപ്പ്.
കുറിപ്പിന്റെ പൂർണരൂപം…
മുഖ്യമന്ത്രിക്ക് ഇഡിയുടെ നോട്ടീസ് കിട്ടി.
നോട്ടീസ്
പ്രിയപ്പെട്ട സഖാവേ, സുഖമാണെന്ന് വിശ്വസിക്കുന്നു. ഒരു നോട്ടീസ് അയക്കുന്നു. മോൾക്കും മോനും അയച്ച പോലെ ഒരു നോട്ടീസ്. കരുവന്നൂരിലെ, ലൈഫ് മിഷനിലെ, മാസപ്പടിയിലെ പോലെ, കണ്ണിൽ പൊടിയിടാൻ മാത്രം. കാര്യാക്കണ്ട.
സസ്‌നേഹം സഖാവിന്റെ സ്വന്തം ഇ ഡി
കിഫ്ബി മസാല ബോണ്ട് കേസിൽ ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി ഉദ്യോഗസ്ഥർ എന്നിവർക്ക് ഇഡി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ്. ഇഡി അന്വേഷണത്തിൽ ഫെമ ചട്ട ലംഘനം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് നേരത്തെ ചെന്നൈയിലെ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. കിഫ്ബി ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ചാണ് ഇഡിയുടെ നിർണായക നീക്കം.
2019ൽ 9.72ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ സനേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. അതേസമയം ബോണ്ട് ഇറക്കി സമാഹരിച്ച 2150 കോടി രൂപയും കിഫ്ബി തിരിച്ചടച്ചിരുന്നു. മസാല ബോണ്ട് ഇറക്കിയ ആദ്യ സംസ്ഥാന ഏജൻസിയായിരുന്നു കിഫ്ബി.
Content Highlights: ED notice to CM Pinarayi Vijayan; Sandeep varier reaction