

തിരുവനന്തപുരം: മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി തോമസ് ഐസക്കിനും എതിരെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അയച്ച നോട്ടീസ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നാടകം മാത്രമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇതൊരു സ്ഥിരം തിരക്കഥയാണെന്നും എപ്പോള്‍ തെരഞ്ഞെടുപ്പ് വരുന്നോ, അപ്പോഴൊക്കെ കേന്ദ്ര ഏജന്‍സികള്‍ ഉണരുമെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ വേട്ടപ്പട്ടികളായി ഇഡി മാറുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. കേന്ദ്രത്തിന്റെ ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങുന്നവരല്ല കേരളത്തിലെ കമ്യൂണിസ്റ്റുകാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മസാല ബോണ്ട് കേസില്‍ ബഹു. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി തോമസ് ഐസക്കിനും എതിരെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അയച്ച നോട്ടീസ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നാടകം മാത്രമാണ്.
ഇക്കാര്യത്തില്‍ മുന്‍ ധനമന്ത്രി സഖാവ് തോമസ് ഐസക്കിന് മുന്നില്‍ നിയമപരമായി തോറ്റു തുന്നം പാടിയതാണ് ഇ.ഡി. കിഫ്ബി എന്ന സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയാണെന്ന കാര്യം ഇ.ഡിക്ക് ഇപ്പോഴാണോ ബോധ്യം വന്നത് എന്നത് അത്ഭുതകരമാണ്. കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിട്ട് പരാജയപ്പെടുത്തിയ ചരിത്രമാണ് നമുക്കുള്ളത്.
ഇതൊരു സ്ഥിരം തിരക്കഥയാണ്. എപ്പോള്‍ തിരഞ്ഞെടുപ്പ് വരുന്നോ, അപ്പോഴൊക്കെ കേന്ദ്ര ഏജന്‍സികള്‍ ഉണരും. കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ വേട്ടപ്പട്ടികളായി ഇ.ഡി മാറുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇപ്പോള്‍ കേരളത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. ഈ സാഹചര്യം മുതലെടുത്ത് എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇ.ഡിയുടെ രാഷ്ട്രീയ താല്പര്യം ഇതില്‍ നിന്ന് വളരെ വ്യക്തമാണ്.
കേരളത്തിന്റെ വികസന നട്ടെല്ലായ കിഫ്ബിയെ തകര്‍ക്കാനുള്ള ഏത് നീക്കത്തെയും ജനങ്ങളെ അണിനിരത്തി നമ്മള്‍ പ്രതിരോധിക്കും. ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കെല്‍പ്പുണ്ട്. കേന്ദ്രത്തിന്റെ ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങുന്നവരല്ല കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍.
Content Highlights: v sivankutty on ed notice to pinarayi vijayan