പരാതിക്കാരിയെ അപമാനിച്ചെന്ന കേസ്; മുൻകൂർ ജാമ്യം തേടി സന്ദീപ് വാര്യർ, ആശംസാ പോസ്റ്റ് കുത്തിപ്പൊക്കിയെന്ന് വാദം

പരാതിക്കാരിയായ യുവതിയുടെ വിവാഹ സമയത്ത് എ‍ടുത്ത ആശംസാ പോസ്റ്റ് കുത്തിപ്പൊക്കിയതാണെന്ന് സന്ദീപ് വാര്യർ

പരാതിക്കാരിയെ അപമാനിച്ചെന്ന കേസ്; മുൻകൂർ ജാമ്യം തേടി സന്ദീപ് വാര്യർ, ആശംസാ പോസ്റ്റ് കുത്തിപ്പൊക്കിയെന്ന് വാദം
dot image

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്.

പരാതിക്കാരിയായ യുവതിയുടെ വിവാഹ സമയത്ത് എ‍ടുത്ത ആശംസാ പോസ്റ്റ് കുത്തിപ്പൊക്കിയതാണെന്ന് സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞു. അതിജീവിതയെ അപമാനിക്കുന്ന പ്രവർത്തി ചെയ്തിട്ടില്ലെന്നും സന്ദീപ് വാര്യർ ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. കേസിൽ സന്ദീപ് വാര്യരെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

ഇരയുടെ ഐഡന്റിറ്റി മനപ്പൂർവ്വം എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്ന് സന്ദീപ് വാര്യർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു വർഷം മുൻപ് പങ്കെടുത്ത കല്യാണത്തിന്റെ ഫോട്ടോ അന്ന് ഫേസ്ബുക്കിൽ പങ്ക് വച്ചിരുന്നു. അത് പലരും ദുരുപയോഗം ചെയ്തു. ശ്രദ്ധയിൽപ്പെട്ടതോടെ ഫോട്ടോ ഡിലീറ്റ് ചെയ്തു. മനപ്പൂർവം ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സന്ദീപ് വാര്യർ പറഞ്ഞിരുന്നു.

കേസിൽ അ‍ഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് രാഹുൽ ഈശ്വറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഎൻഎസ് 75 (3) വകുപ്പ് കൂടി രാഹുൽ ഈശ്വറിനെതിരെ കൂട്ടി ചേർത്തിട്ടുണ്ട്. അതിജീവിതയ്ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജാമ്യമില്ലാ വകുപ്പ് ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കലാണ് ഒന്നാം പ്രതി. അഡ്വ. ദീപാ ജോസഫ് രണ്ടാംപ്രതിയും ദീപ ജോസഫ് മൂന്നാം പ്രതിയുമാണ്. വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്

Content Highlights: Sandeep Varier seeks anticipatory bail in case of insulting woman who filed complaint

dot image
To advertise here,contact us
dot image