

രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത സിനിമയാണ് ജയിലർ. ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിലും വിനായകന്റെ വർമൻ തിരിച്ചെത്തും എന്നുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ താൻ ജയിലർ 2 യിൽ ഉണ്ടെന്ന് സ്ഥിരീകരിക്കുകയാണ് നടൻ. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് വിനായകൻ ഇക്കാര്യം പറഞ്ഞത്.
'ഞാൻ ചെയ്തതിൽ ഏറ്റവും വലിയ കോമഡി കഥാപാത്രം വർമൻ ആണ്. ജയിലർ 2 വിൽ ഞാനുണ്ട്. എല്ലാവരും എന്നോട് അത് ചോദിക്കുന്നുണ്ട്. എങ്ങനെയാണ് ആ കഥാപാത്രം വരുന്നതെന്ന് ചോദിക്കരുത്', വിനായകന്റെ വാക്കുകൾ. രണ്ട് ദിവസത്തെ ഷൂട്ടിനായിട്ടാണ് വിനായകൻ ജോയിൻ ചെയ്തതെന്നാണ് നേരത്തെ ട്വിറ്റർ ട്രാക്കർമാർ റിപ്പോർട്ട് ചെയ്തത്. ഫ്ലാഷ്ബാക്ക് സീനിൽ ഉൾപ്പടുന്ന ഭാഗങ്ങൾ ആകും ഇതെന്നാണ് സൂചന. ചിത്രത്തിൽ സൂപ്പർസ്റ്റാർ രജിനികാന്തിനൊപ്പം ഒരുപിടി മലയാളി അഭിനേതാക്കളും ഭാഗമാകുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ഷങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും. മികച്ച റോളുകൾ തന്നെ നെൽസൺ ഈ മലയാളി അഭിനേതാക്കൾക്ക് നൽകുമെന്നാണ് പ്രതീക്ഷ.

ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം ജയ്‌ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും.
Content Highlights: Vinayakan in Jailer 2 confirmed by actor