പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ; രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് വീക്ഷണം മുഖപ്രസംഗം

കഴുത്തോളം മാലിന്യത്തില്‍ മുങ്ങിനില്‍ക്കുന്ന സിപിഐഎം കോണ്‍ഗ്രസിന്റെ കുപ്പായത്തില്‍ തെറിച്ച ചാണകത്തുളളി കണ്ട് മൂക്കുപൊത്തുകയാണെന്നും മുഖപ്രസംഗത്തിൽ ആരോപണം

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ; രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് വീക്ഷണം മുഖപ്രസംഗം
dot image

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന തലക്കെട്ടോടെയാണ് വീക്ഷണം മുഖപ്രസംഗം. രാഹുല്‍ മാങ്കൂട്ടത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് എന്നാണ് കോണ്‍ഗ്രസ് മുഖപത്രത്തില്‍ പറയുന്നത്. കഴുത്തോളം മാലിന്യത്തില്‍ മുങ്ങിനില്‍ക്കുന്ന സിപിഐഎം കോണ്‍ഗ്രസിന്റെ കുപ്പായത്തില്‍ തെറിച്ച ചാണകത്തുളളി കണ്ട് മൂക്കുപൊത്തുന്നത് പോലെ രാഹുലിനെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെതിരെ സദാചാര പ്രസംഗം നടത്തുകയാണെന്ന് വീക്ഷണം വിമർശിക്കുന്നു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഐഎം എതിരാളികള്‍ക്കെതിരെ കൊണ്ടുവരുന്നതാണ് വ്യാജ ലൈംഗിക ആരോപണങ്ങള്‍ എന്നാണ് മുഖപ്രസംഗത്തില്‍ ആരോപിക്കുന്നത്. 1996-ലെ സൂര്യനെല്ലി പീഡനക്കേസ് കോണ്‍ഗ്രസ് നേതാവിനെ ലക്ഷ്യംവെച്ചുളള സിപിഐഎം ഗൂഢാലോചനയായിരുന്നുവെന്നും 2006-ലെയും 2011-ലെയും ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ മുസ്‌ലിം ലീഗിന്റെ ഉന്നത നേതാവിനെ അപവാദത്തിന്റെ ചുഴിയിലേക്ക് തളളിവിട്ട് പൊതുസമൂഹത്തില്‍ തിരസ്‌കൃതനാക്കാന്‍ സിപിഐഎം ശ്രമിച്ചെന്നും വീക്ഷണം ആരോപിക്കുന്നു.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്നത്തെ ജനകീയനായ മുഖ്യമന്ത്രിയെ കുറ്റാരോപിതനാക്കാന്‍ സിപിഐഎമ്മും ഒരു വിഭാഗം മാധ്യമങ്ങളും നുണക്കഥകള്‍ മെനഞ്ഞ് അദ്ദേഹത്തെയും കുടുംബത്തെയും വേട്ടയാടിയെന്നും ആ വിഷയത്തിലെ ഇര കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ തടവ് അനുഭവിക്കുമ്പോള്‍ കുഞ്ഞിന് ജന്മം നല്‍കിയ വിശ്വാസ്യതയില്ലാത്ത സ്ത്രീയായിരുന്നു എന്നുമാണ് മുഖപ്രസംഗത്തിലെ വാദം.

'ആ ഗൂഢാലോചനാ പരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ വളര്‍ന്നുവരുന്നത് സിപിഐഎം ഭീതിയോടെ കാണുന്നു. രാഷ്ട്രീയ സര്‍ഗാത്മകതയും പ്രജ്ഞാശേഷിയുമുളള ചെറുപ്പക്കാര്‍ വളര്‍ന്നുവന്നാല്‍ അത് സിപിഐഎമ്മിനെ ഗോത്രഹത്യയിലേക്ക് എടുത്തെറിയുമെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്' എന്നും വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

നവംബര്‍ 27-നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരിൽകണ്ടായിരുന്നു പരാതി കൈമാറിയത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിന് പിന്നാലെ കുറ്റം ചെയ്തിട്ടില്ലെന്നുള്ള ബോധ്യമുള്ളിടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും ഫേസ്ബുക്കിൽ പോസ്റ്റിട്ട് രാഹുൽ ഒളിവിൽ പോവുകയും ചെയ്തിരുന്നു. തുടർന്ന് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. മുന്‍കൂര്‍ജാമ്യാപേക്ഷ തടസ്സമാകില്ലെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. നിരീക്ഷണം ശക്തമാക്കാന്‍ പാലക്കാട്, കൊച്ചി, തിരുവനന്തപുരം സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് തടസ്സമാകുമെന്നതില്‍ കേരളത്തിന് പുറത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ പോകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കും. രാഹുലിന്റെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്‌ളാറ്റിലുണ്ട്. രാഹുല്‍ പാലക്കാട്ടെ രഹസ്യകേന്ദ്രത്തില്‍ തന്നെയുണ്ടെന്നാണ് വിവരം.

Content Highlights: Veekshanam Daily Editorial defending rahul mamkoottathil mla

dot image
To advertise here,contact us
dot image