

കാസര്‍കോട്: കയ്യേറ്റത്തിനിരയായ ദേലംപാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത്‌ലെവല്‍ ഓഫീസര്‍ പി അജിത്തിനെ കുറ്റപ്പെടുത്തി സിപിഐഎം. ബിഎല്‍ഒ അജിത് ബൂത്തില്‍ കൃത്യമായി എസ്‌ഐആര്‍ പ്രവര്‍ത്തനം നടത്തിയില്ലെന്നും 60 ശതമാനം ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങാനും അപ്ലോഡ് ചെയ്യാനും ബാക്കിയുണ്ടെന്നാണ് വിശദീകരണം. ഇതിനെ കുറിച്ച് ചോദിക്കാന്‍ ലോക്കല്‍ സെക്രട്ടറി തലേദിവസം വിളിച്ചപ്പോള്‍ ബിഎല്‍ഒ മോശമായി പെരുമാറി. വാക്കുതര്‍ക്കം മാത്രമാണ് ക്യാമ്പില്‍ ഉണ്ടായതെന്നും ദൃശ്യത്തില്‍ അത് വ്യക്തമാണെന്നും സിപിഐഎം വ്യക്തമാക്കി. ക്യാമ്പില്‍ ഉണ്ടായ സംഭവത്തെ അംഗീകരിക്കുന്നില്ല. സംഭവത്തിന്റെ പശ്ചാത്തലം കൂടി പരിശോധിക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിജി മാത്യു ആവശ്യപ്പെട്ടു.
ബിഎല്‍ഒ ആയ ബിവറേജസ് കോര്‍പ്പറേഷന്‍ ബന്തടുക്ക ഔട്ട്ലെറ്റിലെ എല്‍ഡി ക്ലാര്‍ക്ക് പി അജിത്തിന്റെ പരാതിയില്‍ സിപിഐഎം പഞ്ചായത്തംഗം എ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. സിപിഐഎം പാണ്ടി ലോക്കല്‍ സെക്രട്ടറി കൂടിയായ ആഡൂര്‍ സുരേന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പറയഡുക്കയില്‍ നടന്ന തീവ്രവോട്ടര്‍പ്പട്ടിക പുനഃപരിശോധന ക്യാമ്പിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. വാര്‍ഡിലെ ഒരു വീട്ടിലെത്തിയപ്പോള്‍ വോട്ടറെ നേരിട്ട് കാണാനാകാത്തതിനാല്‍ അയല്‍വീട്ടിലായിരുന്നു ബിഎല്‍ഒ ഫോം നല്‍കിയത്.
വോട്ടറെ ഏല്‍പ്പിക്കണമെന്ന് അയല്‍ക്കാരനെ ചുമതലപ്പെടുത്തുകയും ചെയ്തെന്ന് ബിഎല്‍ഒ പറഞ്ഞിരുന്നു. എന്നാല്‍ വോട്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കിയില്ലെന്ന് പറഞ്ഞ് ക്യാമ്പിനിടെ പഞ്ചായത്തംഗം കയര്‍ത്ത് സംസാരിക്കുകയായിരുന്നു. അത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി.
Content Highlights: cpim against blo p ajith in kasargod