

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെ പിന്തുണച്ച് മുന്‍ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. തനിക്കറിയാവുന്ന എന്‍ വാസു വളരെ സത്യസന്ധനായ വ്യക്തിയാണെന്നും വാസു പ്രസിഡന്റായിരുന്ന കാലത്തല്ല ഫയല്‍ ഒപ്പിട്ടതെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. ഹൈക്കോടതി നേരിട്ട് നിയോഗിച്ച അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും കുറ്റവാളി ആരായിരുന്നാലും അവര്‍ സ്വാഭാവികമായും ശിക്ഷിക്കപ്പെടുമെന്നും കടകംപളളി പറഞ്ഞു.
'വാസു കമ്മീഷണറായിരുന്ന കാലത്ത് ഒരു ഫയല്‍ ഒപ്പിട്ടതാണല്ലോ പ്രതിയായത്. വാസു പ്രസിഡന്റായിരുന്ന കാലത്തല്ല ഒപ്പിട്ടത്. അദ്ദേഹം സത്യസന്ധനായ വ്യക്തിയാണ്. ബോര്‍ഡിലെ ദൈനംദിന കാര്യങ്ങള്‍ മന്ത്രി അറിയേണ്ടതില്ല. അതൊന്നും ദേവസ്വം മന്ത്രിയുടെ മുന്നില്‍ വരാറുമില്ല. ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ ഏറ്റവും നന്നായി നടത്തുക എന്നുളളതാണ് സര്‍ക്കാരിന്റെ മുന്നിലുളളത്. അത് സര്‍ക്കാര്‍ നന്നായി ചെയ്തുവരുന്നുണ്ട്. ഭക്തജനങ്ങള്‍ക്ക് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ ചെയ്തുകൊടുക്കുന്നുണ്ട്', കടകംപളളി കൂട്ടിച്ചേർത്തു.
സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ എന്‍ വാസു നിലവിൽ റിമാൻഡിലാണ്. ഈ മാസം 24 വരെയാണ് റിമാന്‍ഡ് ചെയ്തത്. വാസുവിനെതിരെ ഗുരുതര കാര്യങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്നത്. ചെമ്പ് പാളികള്‍ എന്ന് രേഖപ്പെടുത്തി നവീകരണത്തിന് ശുപാര്‍ശ നല്‍കി, രേഖകളില്‍ സ്വര്‍ണ്ണം പൊതിഞ്ഞ പാളികള്‍ എന്നത് ഒഴിവാക്കി, ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം പാളി കൊടുത്തുവിടാന്‍ ഇടപെടല്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇതര പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി. ബോര്‍ഡിന് നഷ്ടമുണ്ടായെന്നും പ്രതികള്‍ക്ക് അന്യായമായി ലാഭമുണ്ടായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നവംബർ പതിനൊന്നിനാണ് എൻ വാസു അറസ്റ്റിലായത്. തുടര്‍ച്ചയായ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് വാസുവിന്റെ നിര്‍ദേശപ്രകാരമാണെന്ന വിവരം എസ്‌ഐടിക്ക് ലഭിച്ചിരുന്നു. പിന്നാലെയായിരുന്നു വാസുവിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവുമാണ് വാസുവിനെതിരെ മൊഴി നല്‍കിയത്.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ വാസുവിന് അറിയാമായിരുന്നു എന്നായിരുന്നു സുധീഷ് കുമാര്‍ എസ്‌ഐടിക്ക് നല്‍കിയ മൊഴി. 2019 നവംബര്‍ മുതല്‍ രണ്ടുവര്‍ഷമാണ് എന്‍ വാസു ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പ്രവര്‍ത്തിച്ചത്. ഇതിന് മുമ്പ് 2018 ഫെബ്രുവരി മുതല്‍ 2019 മാര്‍ച്ച് വരെ ദേവസ്വം കമ്മീഷണറായും പ്രവര്‍ത്തിച്ചു. പി കെ ഗുരുദാസന്‍ എക്‌സൈസ് മന്ത്രിയായിരുന്ന സമയത്ത് വാസു പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Content Highlights: N Vasu Honest Person I Know: Kadakampallaly Surendran