

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിച്ച കണ്ണൂര്‍ മുന്‍ എസിപി ടി കെ രത്‌നകുമാറിനെ സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഇ പി ജയരാജന്‍. വിരമിച്ച ഉദ്യോഗസ്ഥന്‍ മത്സരിക്കുന്നത് വിവാദമാക്കാന്‍ നോക്കുന്നത് പരിഹാസ്യമാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. സര്‍വീസിലുള്ളപ്പോള്‍ പക്ഷപാതപരമായി പെരുമാറിയെന്ന് ആരും ആരോപിച്ചിട്ടില്ല. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ വിരമിച്ച ശേഷം പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്നത് മാതൃകാപരമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
ഏതെങ്കിലും കേസന്വേഷണവുമായി ഇപ്പോള്‍ കൂട്ടിക്കുഴക്കുന്നത് പരാജയഭീതിയിലാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി വിലയിരുത്തിയതാണ്. എല്‍ഡിഎഫിനെതിരെ കുതിരകയറുന്ന യുഡിഎഫ് ബിജെപിയുടെ കാര്യത്തില്‍ മൗനത്തിലാണ്. മുന്‍ ഡിജിപി ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായതില്‍ യുഡിഎഫിന് പ്രശ്നമില്ലെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നാണ് രത്‌നകുമാര്‍ ജനവിധി തേടുന്നത്.
ടി കെ രത്‌നകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വിമര്‍ശനവുമായി കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് രംഗത്തെത്തിയിരുന്നു. പൊലീസിനെ രാഷ്ട്രീയവല്‍കരിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രത്‌നകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞിരുന്നു. വിരമിച്ച് രണ്ട് മാസത്തിനുളളില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി എന്നതില്‍ തന്നെ എല്ലാമുണ്ടെന്നും പ്രതിപക്ഷത്തിന്റെ മുഴുവന്‍ ആരോപണങ്ങളും ശരിയായെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ നവീന്‍ ബാബു വിഷയം ചര്‍ച്ചയാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എഡിഎം നവീന്‍ ബാബുവിന്റെ മരണ കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല രത്നകുമാറിനായിരുന്നു. കേസില്‍ കുറ്റപത്രം നല്‍കിയതിന് പിന്നാലെയാണ് രത്നകുമാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം അതൃപ്തി വ്യക്തമാക്കിയിരുന്നു. കേസില്‍ പി പി ദിവ്യയ്ക്ക് അനുകൂലമായ ഇടപെടലുകള്‍ പൊലീസ് നടത്തിയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
Content Highlights-E P Jayarajan on t k ratnakumars candidateship