

കൊച്ചി: പുതിയ ബെംഗളൂരു- കൊച്ചി വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തില്‍ ട്രെയിനില്‍വെച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം ചൊല്ലിയതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. എല്ലാ സ്‌റ്റേജിലും ബിജെപിക്കാര്‍ ഗണഗീതം പാടണമെന്നും വിവാദങ്ങള്‍ മാധ്യമങ്ങളുടെ അജണ്ടയാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഗണഗീതം പാടുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളോടായിരുന്നു ജോര്‍ജ് കുര്യന്റെ പ്രതികരണം.
'വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള സിപിഐഎം ശ്രമമാണ് ഗണഗീത വിവാദം. ഗാനത്തിന്റെ ഒരു വാക്കില്‍ പോലും ആര്‍എസ്എസിനെ പരാമര്‍ശിക്കുന്നില്ല. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ആര്‍എസ്എസ് പാടുന്ന വന്ദേമാതരം പാര്‍ലമെന്റില്‍ പാടുന്നില്ലേ? കുട്ടികള്‍ അത് പാടിയതില്‍ തെറ്റില്ല. ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണം': ജോര്‍ജ് കുര്യന്‍ പറഞ്ഞു. തനിക്ക് ഗണഗീതം പാടാന്‍ അറിയില്ലെന്നും ശാഖയില്‍ പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ആദ്യം ഗണഗീതം പാടിയ ശിവകുമാറിനെ തിരുത്തട്ടെയെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിവാദമൊന്നും മൈന്‍ഡ് ചെയ്യേണ്ടതേയില്ലെന്നും തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ ചൊല്ലിയത് എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കമായി ചൊല്ലിയതാണ്. അവര്‍ക്ക് അപ്പോള്‍ അതാണ് തോന്നിയത്, അത് അവര്‍ ചെയ്തു. ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമായാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
പുതിയ വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തിൽ വിദ്യാർ ആർഎസ്എസ് ഗണഗീതം ആലപിച്ചതും വീഡിയോ സതേൺ റെയിൽവെ പങ്കുവെച്ചതും വിവാദമായിരുന്നു. 'എറണാകുളം-കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിൽ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂൾ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം പാടി', എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയിൽവേ വീഡിയോ പങ്കുവെച്ചിരുന്നത്. വിമർശനം ഉയർന്നതോടെ ഈ പോസ്റ്റ് ദക്ഷിണ റെയിൽവെ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യുകയും പിന്നീട് വീണ്ടും പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: BJP workers should sing Gangeet at all venues: Union Minister George Kurien