'ആവനാഴിയുടെ 1000 രൂപയെ അമരം മറികടന്നു', റീ റിലീസിനെ ട്രോളി പ്രേക്ഷകർ; ചിരിപ്പിച്ച് കമന്റുകൾ

തിയറ്ററുകളിൽ ആളില്ലാതെ ഷോ നടക്കാതെ ഇറങ്ങി പോരേണ്ടി വന്നുവെന്ന് ഒരു പ്രേക്ഷകൻ പറഞ്ഞ പോസ്റ്റ് ഇന്നലെ വൈറലായിരുന്നു

'ആവനാഴിയുടെ 1000 രൂപയെ അമരം മറികടന്നു', റീ റിലീസിനെ ട്രോളി പ്രേക്ഷകർ; ചിരിപ്പിച്ച് കമന്റുകൾ
dot image

മമ്മൂട്ടി ചിത്രം അമരം 4K ദൃശ്യ മികവിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. 35 വർഷങ്ങൾക്ക് ശേഷം ഈ സൂപ്പർഹിറ്റ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുമ്പോൾ വിചാരിച്ച കാണികൾ കാണാൻ എത്തുന്നില്ല എന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇപ്പോഴിതാ സിനിമയുടെ കളക്ഷന്റെ പേരിൽ നിരവധി ട്രോളുകളാണ് ഉയരുന്നത്.

നേരത്തെ മമ്മൂട്ടിയുടേതായി റീ റിലീസ് ചെയ്ത ചിത്രങ്ങളായ പാലേരിമാണിക്യവും ആവനാഴിയും വല്ല്യേട്ടനുമെല്ലാം ബോക്സ് ഓഫീസിൽ വലിയ പരാജയങ്ങളായിരുന്നു. അമരവും ഈ പാത പിന്തുടരുകയാണ് എന്നാണ് കമന്റുകൾ. ആവനാഴിയുടെയും പാലേരിമാണിക്യത്തിന്റെ ആദ്യ ദിന കളക്ഷൻ റെക്കോർഡ് അമരം തകർത്തു എന്നാണ് ചിലർ പരിഹാസരൂപേണ എക്സിൽ കുറിക്കുന്നത്. ബുക്ക് മൈ ഷോയിൽ ആയിരം ടിക്കറ്റുകൾ പോലും വിറ്റുപോയിട്ടില്ല എന്നും പോസ്റ്റുകൾ ഉയരുന്നുണ്ട്. സിനിമയുടെ ആദ്യ ദിന കളക്ഷൻ 7328 രൂപ എന്നാണ് ചിലർ എക്സിൽ കുറിക്കുന്നത്. നിരവധി ട്രോളുകളും സിനിമയുടെ റീ റിലീസിനെ സംബന്ധിച്ച് പുറത്തുവരുന്നുണ്ട്.

തിയറ്ററുകളിൽ ആളില്ലാതെ ഷോ നടക്കാതെ ഇറങ്ങി പോരേണ്ടി വന്നുവെന്ന് ഒരു പ്രേക്ഷകൻ പറഞ്ഞ പോസ്റ്റ് ഇന്നലെ വൈറലായിരുന്നു. ഷാജി ടി യു എന്ന വ്യക്തി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ചാലക്കുടിയിലെ തിയേറ്ററിൽ പത്ത് പേര് പോലും തികച്ചില്ലാത്തതിനാൽ ഷോ നടക്കാതെ പോയതെന്ന് അദ്ദേഹം പറഞ്ഞു. ലോഹിതദാസ് എന്ന വലിയ എഴുത്തുകാരന്റെ സ്വന്തം നാട്ടിലെ തിയറ്ററിൽ നിന്നാണ് ഷോ നടക്കാതെ ഇറങ്ങിപ്പോരേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, 1991 ഫെബ്രുവരി ഒന്നിനായിരുന്നു അമരത്തിന്റെ റിലീസ്. മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതപശ്ചാത്തലത്തില്‍ ഇമോഷണല്‍ ഡ്രാമയായി എത്തിയ അമരം തിയേറ്ററില്‍ വലിയ വിജയമായിരുന്നു. 200 ദിവസത്തോളമാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയത്. മദ്രാസിലെ തിയേറ്ററുകളിലും 50 ദിവസത്തോളം അമരം നിറഞ്ഞ സദസുകളെ നേടി. മധു അമ്പാട്ട്, ജോണ്‍സണ്‍, രവീന്ദ്രന്‍, വി.ടി. വിജയന്‍, ബി.ലെനിന്‍ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും പ്രതിഭാധനരായ പിന്നണിപ്രവര്‍ത്തകര്‍ അണിനിരന്ന ചിത്രം കൂടിയായിരുന്നു അമരം.

Content Highlights: Amaram gets trolled in re release

dot image
To advertise here,contact us
dot image