

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് സർവകലാശാല വി സിക്കും രജിസ്ട്രാർക്കും മന്ത്രി നിർദേശം നൽകി. ആരോപണ വിധേയയായ ഫാക്കൽറ്റി മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുടെ അനൗചിത്യം പരിശോധിക്കണമെന്നും വി സിയ്ക്ക് നൽകിയ കത്തിൽ മന്ത്രി ആവശ്യപ്പെട്ടു.
സംഭവം സർവകലാശാലയ്ക്കും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും അവമതിപ്പുണ്ടാക്കിയെന്ന് മന്ത്രി വ്യക്തമാക്കി. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കും നിർദേശം നൽകിയിട്ടുണ്ട്.
കേരള സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിക്ക് നേരെ സംസ്‌കൃതം വകുപ്പ് മേധാവി സി എന്‍ വിജയകുമാരി ജാതി അധിക്ഷേപം നടത്തി എന്നായിരുന്നു പരാതി. പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയന് നേരെയാണ് വിജയകുമാരി ജാതി അധിക്ഷേപം നടത്തിയത്. എംഫിലില്‍ തന്റെ ഗൈഡായിരുന്ന അധ്യാപിക തനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോര്‍ട്ട് സര്‍വകലാശാലയ്ക്ക് നല്‍കിയെന്നും വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു. തനിക്ക് പിഎച്ച്ഡി ലഭിക്കുന്നത് കാണണമെന്ന് പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതമെന്ന് വിജയകുമാരി പറഞ്ഞെന്നും വിദ്യാര്‍ത്ഥി ആരോപിച്ചിരുന്നു. സംഭവത്തില്‍ വൈസ് ചാൻസലര്‍ക്കും കഴക്കൂട്ടം എസ്പിക്കും വിപിന്‍ പരാതി നല്‍കിയിട്ടുണ്ട്.
Content Highlights : R Bindu orders immediate investigation into caste abuse complaint at Kerala University