'സവര്‍ണ്ണ ഫ്യൂഡല്‍ മാടമ്പിയുടെ മനോഭാവം'; കേരള സര്‍വകലാശാല സംസ്‌കൃതം മേധാവിക്കെതിരെ കര്‍ശന നടപടി വേണമെന്ന് SFI

ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് സവര്‍ണ്ണ ജാതി ചിന്തകളെ കുടിയിരുത്താനുള്ള ആര്‍എസ്എസ് നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് എസ്എഫ്‌ഐ

'സവര്‍ണ്ണ ഫ്യൂഡല്‍ മാടമ്പിയുടെ മനോഭാവം'; കേരള സര്‍വകലാശാല സംസ്‌കൃതം മേധാവിക്കെതിരെ കര്‍ശന നടപടി വേണമെന്ന് SFI
dot image

തിരുവനന്തപുരം: പിഎച്ച്ഡി വിദ്യാര്‍ത്ഥിക്ക് നേരെ ജാതി അധിക്ഷേപം നടത്തിയ കേരള സര്‍വകലാശാല സംസ്‌കൃതം വകുപ്പ് മേധാവിക്കെതിരെ എസ്എഫ്‌ഐ. ഡോ. സി എന്‍ വിജയകുമാരിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു. സര്‍വകലാശാല നിയമങ്ങള്‍ക്ക് അനുസൃതമായി തന്നെ ഗവേഷണം പൂര്‍ത്തീകരിച്ചെങ്കിലും ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ആര്‍എസ്എസ് നോമിനിയായ ഡീന്‍ പിഎച്ച്ഡി നല്‍കാന്‍ തടസ്സം നില്‍ക്കുകയും ജാതി വിവേചനം നടത്തുകയും ചെയ്തതെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവും പ്രസിഡന്റ് എം ശിവപ്രസാദും പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

'കേരള സര്‍വ്വകലാശാല സംസ്‌കൃതം വിഭാഗം ഡീനും സംഘപരിവാര്‍ അധ്യാപക സംഘടന പ്രവര്‍ത്തകയുമായ ഡോ. സി എന്‍ വിജയകുമാരി ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയന് നേരെ നടത്തിയ ജാതി വിവേചനവും ഭീഷണിയും മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിന് തികച്ചും അപമാനകരവും അത്യന്തം പ്രതിഷേധാര്‍ഹവുമാണ്. കേരള സര്‍വ്വകലാശാലയിലെ സംസ്‌കൃത ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും ഡോ. വിജയകുമാരിയുടെ ഗൈഡ്ഷിപ്പില്‍ തന്നെ എംഫില്‍ പൂര്‍ത്തിയാക്കിയാണ് വിപിന്‍ പിഎച്ച്ഡിക്ക് അഡ്മിഷന്‍ നേടിയത്. ഗവേഷണ കാലയളവില്‍ നടത്തേണ്ടുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചെങ്കിലും ഡിപ്പാര്‍ട്‌മെന്റ് ഡീനായ വിജയകുമാരി സവര്‍ണ്ണ ഫ്യൂഡല്‍ മാടമ്പിയുടെ മനോഭാവത്തോടെ വിദ്യാര്‍ത്ഥിയെ നിരന്തരം ജാതീയമായി പീഡിപ്പിക്കുകയും കഷ്ടപ്പെട്ട് നേടിയ പിഎച്ച്ഡി ബിരുദം തടഞ്ഞ് വെക്കാന്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു', എസ്എഫ്‌ഐ പറഞ്ഞു.

പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതമെന്നും താഴ്ന്ന ജാതിക്കാര്‍ സംസ്‌കൃതം വകുപ്പിനെ അശുദ്ധമാക്കിയെന്നും പറഞ്ഞു കൊണ്ട് വകുപ്പ് മേധാവി നടത്തിയ അതിക്രൂരമായ ജാതി അധിക്ഷേപം നവോത്ഥാന പോരാട്ടങ്ങളിലൂടെ കരുതാര്‍ജ്ജിച്ച കേരളത്തിന് അംഗീകരിക്കുവാന്‍ സാധിക്കുന്നതല്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ജാതി വിവേചനത്തിനെതിരെ സന്ധിയില്ലാത്ത സമരം നയിച്ച നാടാണ് കേരളം. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളാണ് നാടിനെ മുന്നോട്ട് നയിക്കുന്നത്. അതിനെ തകര്‍ക്കുവാനുള്ള സവര്‍ണ്ണമാടമ്പികളുടെ ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.

'കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കേരളം കയ്യൊഴിപ്പിച്ച മനുവാദത്തില്‍ അധിഷ്ഠിതമായ സവര്‍ണ്ണ ജാതി ചിന്തകളെ കുടിയിരുത്തുവാനുള്ള ആര്‍എസ്എസ് നീക്കത്തെ അതിശക്തമായി പ്രതിരോധിക്കും. ഗവേഷക വിദ്യാര്‍ത്ഥി നേരിട്ട ജാതി വിവേചനത്തെ എസ്എഫ്‌ഐ നേതാവിന്റെ വ്യാജ പിഎച്ച്ഡി ബിരുദ നേട്ടമെന്ന നിലയില്‍ വാര്‍ത്ത നല്‍കുവാനാണ് മാധ്യമങ്ങള്‍ പോലും ശ്രമിച്ചത്. അപലപനീയമാണ്. ഗവേഷക വിദ്യാര്‍ത്ഥിക്ക് നേരെ ജാതി അധിക്ഷേപവും ഭീഷണിയും നടത്തിയ സംസ്‌കൃത വകുപ്പ് മേധാവി ഡോ സി എന്‍ വിജയകുമാരിക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം ശക്തമായ സമരമാര്‍ഗ്ഗങ്ങളുമായി മുന്നോട്ട് പോകും', എസ്എഫ്‌ഐ പറഞ്ഞു.

വിജയകുമാരിക്കെതിരെ വിപിന്‍ വൈസ് ചാന്‍സലര്‍ക്കും കഴക്കൂട്ടം എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. എംഫിലില്‍ തന്റെ ഗൈഡായിരുന്ന അധ്യാപിക തനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോര്‍ട്ട് സര്‍വകലാശാലയ്ക്ക് നല്‍കിയെന്ന് വിദ്യാര്‍ത്ഥി ആരോപിക്കുന്നു. തനിക്ക് പിഎച്ച്ഡി ലഭിക്കുന്നത് കാണണമെന്ന് പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതമെന്ന് വിജയകുമാരി പറഞ്ഞെന്നും വിദ്യാര്‍ത്ഥി ആരോപിച്ചു.

Content Highlights: SFI against Kerala University Sanskrit HOD on Caste discrimination

dot image
To advertise here,contact us
dot image