'ഇതെന്താ തല വെട്ടിയൊട്ടിച്ചതാണോ, നല്ലൊരു പോസ്റ്റർ ഇറക്കാൻ കഴിവില്ലേ?': അങ്ങനെ രാജമൗലിക്കും കിട്ടി ട്രോൾ

വളരെ മോശം പോസ്റ്റർ ആണ് ഇതെന്നും പൃഥ്വിയുടെ തല വെട്ടിയൊട്ടിച്ചത് പോലെയുണ്ടെന്നുമാണ് കമന്റുകൾ

'ഇതെന്താ തല വെട്ടിയൊട്ടിച്ചതാണോ, നല്ലൊരു പോസ്റ്റർ ഇറക്കാൻ കഴിവില്ലേ?': അങ്ങനെ രാജമൗലിക്കും കിട്ടി ട്രോൾ
dot image

ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ്എസ്എംബി 29. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയൊരു വൻതാരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. കുംഭ എന്ന വില്ലനെ ആണ് സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. എന്നാൽ ഫസ്റ്റ് ലുക്കിന് പിന്നാലെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

വളരെ മോശം പോസ്റ്റർ ആണ് ഇതെന്നും പൃഥ്വിയുടെ തല വെട്ടിയൊട്ടിച്ചത് പോലെയുണ്ടെന്നുമാണ് കമന്റുകൾ. രാജമൗലിയിൽ നിന്ന് ഇതിലും മികച്ച പോസ്റ്റർ പ്രതീക്ഷിച്ചെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. ഡോക്ടർ ഒക്ടോപസ് ഇന്ത്യൻ വേർഷൻ, 24 ലെ സൂര്യയെ പോലെയുണ്ട് എന്നൊക്കെയാണ് പോസ്റ്ററിന് താഴെ നിറയുന്ന മറ്റു കമന്റുകൾ. എഐ പോലെ ഉണ്ട് പോസ്റ്ററെന്നും ഇത്രയും വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയ്ക്ക് ഒരു നല്ല പോസ്റ്റർ ഡിസൈനറെ താങ്ങാൻ കഴിയില്ലേ എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

അതേസമയം, 'ഞാനിതുവരെ ചെയ്തതിൽ ഏറ്റവും സങ്കീർണ്ണമായ കഥാപാത്രം. മഹേഷ് ബാബു നിങ്ങൾക്കായി ഞാൻ തയ്യാറാണ്. പ്രിയങ്ക ചോപ്ര ഗെയിം ആരംഭിക്കുന്നു, എന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി' എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. നവംബർ 15-ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ വെച്ചാണ് സിനിമയുടെ ലോഞ്ച് എന്നാണ് വിവരം. ചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും പ്രധാന പ്രഖ്യാപനങ്ങൾ നടത്തും. ഈ പരിപാടി ജിയോഹോട്ട്സ്റ്റാറിൽ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. പരിപാടിക്കായി നിർമ്മിക്കുന്ന 100 അടി ഉയരമുള്ള കൂറ്റൻ എൽഇഡി ടവറിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. റെക്കോർഡ് തുകയ്ക്കാണ് ജിയോഹോട്ട്സ്റ്റാർ ഈ പരിപാടിയുടെ സംപ്രേക്ഷണാവകാശം നേടിയതെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സിനിമയുടെ പേരിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'വാരണാസി' എന്നാണ് സിനിമയുടെ പേരെന്നാണ് തെലുങ്ക് ട്രാക്കർമാർ സൂചിപ്പിക്കുന്നത്. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുക. ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂൾ നേരത്തെ പൂർത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്.

Content Highlights: Rajamouli new movie poster gets trolled

dot image
To advertise here,contact us
dot image