വേണുവിന് ലഭിക്കാവുന്നതിൽ മികച്ച ചികിത്സ നൽകി, വീഴ്ച ഉണ്ടായിട്ടില്ല; കാര്‍ഡിയോളജി വിഭാഗം മേധാവി

വേദന തുടങ്ങി 24 മണിക്കൂറിന് ശേഷമാണ് എത്തിയത്. 24 മണിക്കൂറിനകം എത്തിയാലേ ആന്‍ജിയോഗ്രാം ചെയ്യാന്‍ കഴിയൂവെന്നും വിശദീകരണം

വേണുവിന് ലഭിക്കാവുന്നതിൽ മികച്ച ചികിത്സ നൽകി, വീഴ്ച ഉണ്ടായിട്ടില്ല; കാര്‍ഡിയോളജി വിഭാഗം മേധാവി
dot image

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാര്‍. വേണുവിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കിയെന്നും എല്ലാ രോഗികളും ഒരുപോലെയാണെന്നും കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐയ്പ് പറഞ്ഞു.

നെഞ്ച് വേദനയോടെയാണ് ഒന്നാം തീയതി വേണു എത്തിയത്. വേദന തുടങ്ങി 24 മണിക്കൂറിന് ശേഷമാണ് എത്തിയത്. 24 മണിക്കൂറിനകം എത്തിയാലേ ആന്‍ജിയോഗ്രാം ചെയ്യാന്‍ കഴിയൂ. രോഗി എത്തിയ സമയത്ത് ക്രിയാറ്റിന്റെ ലെവല്‍ കൂടുതലായിരുന്നു. ഷുഗര്‍, പ്രഷര്‍ അടക്കമുള്ള രോഗങ്ങളും ഉണ്ടായിരുന്നു. ആന്‍ജിയോഗ്രാം ഗുണത്തേക്കാള്‍ ദോഷം ഉണ്ടാക്കുന്ന പ്രൊസീജിയര്‍ ആണ്. ഇത് കണക്കിലെടുത്താണ് ആന്‍ജിയോഗ്രാം ചെയ്യാതിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ചാം തീയതി വേണുവിന് ഹൃദയാഘാതം ഉണ്ടായി. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കൊടുക്കാവുന്നതില്‍ മികച്ച ചികിത്സ വേണുവിന് നൽകിയിട്ടുണ്ട്. പ്രോട്ടോകോള്‍ അനുസരിച്ചുള്ള എല്ലാ ചികിത്സയും നല്‍കി. മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികളില്‍ കൂടുതലും ഗുരുതരാവസ്ഥയിലുള്ളവരാണ്. കട്ടില്‍ ഒഴിയുന്നതനുസരിച്ച് എല്ലാവര്‍ക്കും കട്ടില്‍ കൊടുക്കാറുണ്ട്. അറ്റാക്ക് വന്ന രോഗികളെ മുഴുവനായി ഭേദമാക്കാന്‍ സാധിക്കില്ല. വീഴ്ച ഉണ്ടായിട്ടില്ലെന്നും കൃത്യമായി ചികിത്സ നല്‍കിയെന്നും അധികൃതര്‍ വിശദീകരിച്ചു. വകുപ്പ് പ്രാഥമിക അന്വേഷണം നടത്തി. വീഴ്ച പറ്റിയതായി കണ്ടെത്തിയിട്ടില്ല. ഡിഎംഇയുടെ നേതൃത്വത്തിലും അന്വേഷണം നടക്കുമെന്നും ഡോ. മാത്യു ഐയ്പ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ബുധനാഴ്ച രാത്രി 8.15 ഓടെയാണ് കൊല്ലം പന്മന സ്വദേശിയായ വേണു(48) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ദുരനുഭവം ചൂണ്ടിക്കാട്ടി വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യണമെന്ന ജില്ലാ ആശുപത്രിയില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് നവംബര്‍ ഒന്നിനായിരുന്നു വേണു മെഡിക്കല്‍ കോളേജില്‍ എത്തിയത്. എന്നാല്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ശബ്ദസന്ദേശത്തില്‍ ആരോപിച്ചിരുന്നു.

ആശുപത്രിയില്‍ എന്തെങ്കിലും കാര്യത്തെപ്പറ്റി ആരോടെങ്കിലും ചോദിച്ചാല്‍ ഒരക്ഷരം മിണ്ടില്ലെന്ന് വേണു ശബ്ദസന്ദേശത്തില്‍ ആരോപിച്ചിരുന്നു. നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവര്‍ തിരിഞ്ഞുനോക്കില്ല. മറുപടി പറയില്ല. കൈക്കൂലിയുടെ കേന്ദ്രമാണിത്. എമര്‍ജന്‍സി ആന്‍ജിയോഗ്രാം ചെയ്യാന്‍ വെള്ളിയാഴ്ച താന്‍ ഇവിടെ എത്തിയതാണ്. അഞ്ച് ദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല. റൗണ്ട്സിനിടെ പരിശോധിക്കാന്‍ വന്ന ഡോക്ടറോട് എപ്പോള്‍ ശസ്ത്രക്രിയ നടത്തുമെന്ന് ചോദിച്ചിരുന്നു. അവര്‍ക്ക് ഇതേപ്പറ്റി യാതൊരു ധാരണയുമില്ല. കൈക്കൂലിക്ക് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. സാധാരണക്കാരുടെ ആശ്രയമാകേണ്ടതാണ് മെഡിക്കല്‍ കോളേജുകള്‍. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് രോഗികളുടെ ശാപംപേറുന്ന പറുദീസയാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുറംലോകത്തെ അറിയിക്കണമെന്നും വേണു സുഹൃത്തിനോട് വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ വേണുവിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനും പരാതി നല്‍കി. ആശുപത്രി അധികൃതരില്‍ നിന്ന് നേരിട്ടത് കടുത്ത അവഗണനയാണെന്നും ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് സിന്ധു നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.

Content Highlights: Cardiology department doctors explain allegations that patient died without treatment at tvm medical college

dot image
To advertise here,contact us
dot image