മകൻ എൽഡിഎഫ് സ്ഥാനാർത്ഥി; അച്ഛനെ ഐഎൻടിയുസി തൊഴിൽ ചെയ്യുന്നതിൽ നിന്ന് വിലക്കിയതായി പരാതി

22 വര്‍ഷമായി ഐഎന്‍ടിയുസി പ്രവര്‍ത്തകനാണ് താനെന്ന് രാജന്‍

മകൻ എൽഡിഎഫ് സ്ഥാനാർത്ഥി; അച്ഛനെ ഐഎൻടിയുസി തൊഴിൽ ചെയ്യുന്നതിൽ നിന്ന് വിലക്കിയതായി പരാതി
dot image

കല്‍പറ്റ: വയനാട് മുള്ളന്‍കൊല്ലിയില്‍ മകന്‍ എൽഡിഎഫ് സ്ഥാനാർത്ഥിയായതിനെ തുടര്‍ന്ന് അച്ഛനെ ഐഎൻടിയുസി തൊഴില്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കിയെന്ന് പരാതി. മുള്ളന്‍കൊല്ലി 18-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സി ആര്‍ വിഷ്ണുവിന്റെ പിതാവാണ് തൊഴിൽ വിലക്ക് നേരിടുന്നതായി പരാതി ഉയർന്നത്.

ഐഎന്‍ടിയുസി യൂണിയന്‍ തൊഴിലാളിയായ രാജനെയാണ് നേതൃത്വം വിലക്കിയത്. എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റാണ് വിഷ്ണു. ലോഡിങ് തൊഴിലാളിയായ രാജന്‍ ജോലിക്കെത്തിയപ്പോള്‍ തടയുകയായിരുന്നു.

22 വര്‍ഷമായി ഐഎന്‍ടിയുസി പ്രവര്‍ത്തകനാണ് താനെന്ന് രാജന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഇന്ന് രാവിലെ ജോലിക്കെത്തിയപ്പോള്‍ തടഞ്ഞു. മകനെ സ്ഥാനാര്‍ത്ഥി ആക്കിയതിലാണ് തന്നെ വിലക്കിയതെന്നും താന്‍ കോണ്‍ഗ്രസിനെതിരെയോ ഐഎന്‍ടിയുസിക്ക് എതിരെയോ പ്രവര്‍ത്തിച്ചിട്ടില്ലെന്നും രാജൻ പറയുന്നു. മകന്റെ രാഷ്ട്രീയം മകന്റെ സ്വാതന്ത്ര്യമാണെന്നും രാജന്‍ പ്രതികരിച്ചു.

താന്‍ സ്ഥാനാര്‍ത്ഥിത്വത്തിൽ നിന്ന് പിന്മാറിയില്ലെങ്കില്‍ അച്ഛനെ പണിയില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നാണ് പറയുന്നതെന്ന് മകൻ വിഷ്ണുവും പ്രതികരിച്ചു. താന്‍ കാണുന്നതുമുതല്‍ അച്ഛന്‍ ഐഎന്‍ടിയുസി പ്രവർത്തകനാണെന്നും വിഷ്ണു പറയുന്നു.

Content Highlights: Complaint alleges that father was banned from working after son contest election in Mullankolli

dot image
To advertise here,contact us
dot image