

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതി 25 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. മതം മാറി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി നിറമണ്‍കര സ്വദേശി മുത്തുകുമാറാണ് പിടിയിലായത്. സാം എന്ന പേരില്‍ മതം മാറി ചെന്നൈയില്‍ കഴിയുകയായിരുന്നു. പാസ്റ്ററായി ജോലി ചെയ്ത് വരുന്നതിനിടെയാണ് വഞ്ചിയൂര്‍ പൊലീസിന്റെ പിടിയിലായത്. ഇതിനിടെ ഇയാള്‍ ചെന്നൈയില്‍ വച്ച് രണ്ട് വിവാഹം കഴിച്ചു.
2001-ലാണ് പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ട്യൂഷന്‍ ടീച്ചറായി ജോലി ചെയ്യുകയായിരുന്ന ഇയാള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ട്യൂഷന്‍ ടീച്ചറായതിനാല്‍ ക്ലാസെടുക്കാന്‍ എന്ന പേരില്‍ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്. 2001ല്‍ സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ ഇത്രയും കാലമായി കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.
സ്വന്തമായി മൊബൈല്‍ ഫോണോ സിം കാര്‍ഡോ ഉപയോഗിക്കാത്തതിനാലാണ് ഇയാള്‍ക്ക് ഇത്രയും കാലം ഒളിച്ച് ജീവിക്കാന്‍ കഴിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. പബ്ലിക് ബൂത്തുകള്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ ആശയവിനിമയം നടത്തിയിരുന്നത്. കൂടാതെ പണമിടപാടുകള്‍ നടത്തുന്നതിനായി സിഡിഎം മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് പൊലീസിന്റെ ഊര്‍ജിതമായ തിരച്ചിലിനൊടുവില്‍ കഴിഞ്ഞ ദിവസം ഇയാളെ കണ്ടെത്തുകയായിരുന്നു. ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ വഞ്ചിയൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. കോടതിയില്‍ ഹാജരാക്കുന്നത് അടക്കമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Content Highlight; POCSO case accused arrested after 25 years