പി എസ് പ്രശാന്തിന് കാലാവധി നീട്ടി നല്‍കില്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് എ സമ്പത്ത് പരിഗണനയില്‍

അടുത്ത മന്ത്രിസഭാ യോഗത്തില്‍ പുതിയ ഭരണസമിതിയെ നിശ്ചയിക്കും

പി എസ് പ്രശാന്തിന് കാലാവധി നീട്ടി നല്‍കില്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് എ സമ്പത്ത് പരിഗണനയില്‍
dot image

തിരുവനന്തപുരം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പി എസ് പ്രശാന്തിനെ മാറ്റും. പി എസ് പ്രശാന്തിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് തീരുമാനം. മുൻ എംപി എ സമ്പത്തിനെയാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ സിപിഐഎം നേതൃത്വം തീരുമാനമെടുത്തതായാണ് പുറത്തുവരുന്ന വിവരം. കെ രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിൻ്റെ പിഎയായിരുന്നു എ സമ്പത്ത്.

ദേവസ്വം ബോർഡിലെ സിപിഐ പ്രതിനിധിയായി വിളപ്പില്‍ രാധാകൃഷ്ണനെ പരിഗണിക്കുന്നതായും വിവരമുണ്ട്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും തിരുവനന്തപുരം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമാണ് വിളപ്പില്‍ രാധാകൃഷ്ണന്‍. അടുത്ത മന്ത്രിസഭാ യോഗത്തില്‍ പുതിയ ഭരണസമിതിയെ നിശ്ചയിക്കും. നിലവിലുള്ള ഭരണസമിതിയുടെ അവസാന യോഗം പതിനൊന്നാം തീയതി ചേരും.

സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന തീരുമാനമെടുത്തിരിക്കുന്നത്. ഓഡിനന്‍സ് ഇറക്കി ഒരു വര്‍ഷം കൂടി ഇതേ ഭരണ സമിതി തുടരട്ടെ എന്നായിരുന്നു രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ സര്‍ക്കാരിന്റെയും സിപിഐയുടെയും തീരുമാനം. എന്നാല്‍ ഇന്നലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ നിലവിലെ ഭരണസമിതിയെ കൂടി പ്രതി സ്ഥാനത്ത് കാണുന്ന സാഹചര്യമുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി വരാനിരിക്കുന്നതിനാല്‍ ഈ ഭരണസമിതിയെ നിലനിര്‍ത്തുന്നത് ശരിയല്ലെന്ന തീരുമാനമാണ് സിപിഐഎം സ്വീകരിച്ചത് എന്നാണ് പുറത്തുവരുന്ന സൂചന.

ഇന്നലെ ശബരിമല സ്വർണക്കൊള്ളക്കേസ് പരിഗണനയിൽ എത്തിയപ്പോൾ നിലവിലെ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനമായിരുന്നു ഹൈക്കോടതി ഉന്നയിച്ചത്. 2025 ജൂലൈ 28 വരെയുള്ള മിനുട്സ് ക്രമരഹിതമാണെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. സെപ്റ്റംബറില്‍ ദ്വാരപാലകപ്പാളി കൊണ്ടുപോയ സമയത്തും മിനുട്സ് ബുക്കില്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തി. ദ്വാരപാലക ശില്‍പങ്ങളുടെയും വാതിലിന്റെയും പകര്‍പ്പ് സൃഷ്ടിക്കാനുള്ള അളവെടുക്കാന്‍ നന്ദന്‍ എന്ന ആശാരിയെ പോറ്റി നിയോഗിച്ചു. ദ്വാരപാലക ശില്‍പപ്പാളിയും വാതില്‍പ്പാളിയും ഇളക്കിമാറ്റിയാണ് നന്ദന്‍ അളവെടുത്തത്. നട തുറന്നിരുന്ന സമയത്ത് മേല്‍ശാന്തിയുടെ സാന്നിധ്യത്തിലായിരുന്നു അളവെടുപ്പ്. ഇതിന് ദേവസ്വം ബോര്‍ഡ് രേഖാമൂലമുള്ള അനുമതി നൽകിയിരുന്നില്ല. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ഇടപാടുകള്‍ സംശയകരമാണ്. വിശ്വാസ്യതയില്ലാത്ത പോറ്റിയെ ദേവസ്വം ഉദ്യോഗസ്ഥര്‍ വിശ്വസിച്ചതെന്തിനാണെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. ചെന്നൈയില്‍ എത്തിയ സമയത്ത് ദേവസ്വം ഉദ്യോഗസ്ഥര്‍ പോറ്റിയുടെ ആതിഥ്യം സ്വീകരിച്ചോയെന്നും അന്വേഷിക്കണം. 2025ല്‍ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകാന്‍ അടിയന്തര സാഹചര്യം സൃഷ്ടിച്ചു. ഹൈക്കോടതി ഉത്തരവും ദേവസ്വം മാനുവലും ബോര്‍ഡ് അധികൃതര്‍ ബോധപൂര്‍വ്വം ലംഘിച്ചുവെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

Content Highlight; A Sampath is the new president of Devaswom Board?

dot image
To advertise here,contact us
dot image