'കുടുംബത്തോട് ദേഷ്യം തോന്നിയപ്പോള്‍ കുഞ്ഞിനെ കൊന്നു'; അങ്കമാലിയിലെ കൊലപാതകത്തില്‍ അമ്മൂമ്മയുടെ കുറ്റസമ്മതം

പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും

'കുടുംബത്തോട് ദേഷ്യം തോന്നിയപ്പോള്‍ കുഞ്ഞിനെ കൊന്നു'; അങ്കമാലിയിലെ കൊലപാതകത്തില്‍ അമ്മൂമ്മയുടെ കുറ്റസമ്മതം
dot image

കൊച്ചി: അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മൂമ്മ കുറ്റം സമ്മതിച്ചു. കുടുംബത്തോട് ദേഷ്യം തോന്നിയപ്പോള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നാണ് മൊഴി. അങ്കമാലി പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് അമ്മൂമ്മ റോസ്‌ലിയുടെ കുറ്റസമ്മതം. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ശേഷം ഇവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അമ്മൂമ്മയാണ് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് സ്ഥിരീകരിച്ചത്. കൊലപ്പെടുത്താനുപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തിയിരുന്നു.

റോസ്ലി മാനസിക വിഭ്രാന്തിയുള്ള സ്ത്രീയാണ്. ഇതിനുള്ള മരുന്നും സ്ഥിരമായി കഴിച്ചിരുന്നു. റോസ്ലിയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കറുകുറ്റി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകളായ മറിയം സാറയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാവിലെയാണ് കുഞ്ഞിനെ കഴുത്തില്‍ മുറിവേറ്റ നിലയില്‍ മാതാവ് കാണുന്നത്. ഈ സമയം കുട്ടിയുടെ അച്ഛനും അമ്മയുടെ മാതാവും പിതാവും വീട്ടില്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ അച്ഛനും അമ്മയും ചേര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് കഴുത്തില്‍ എങ്ങനെയോ കടിയേറ്റു എന്നായിരുന്നു മാതാപിതാക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ മുറിവ് പരിശോധിച്ച ഡോക്ടര്‍ക്ക് സംശയം തോന്നി.

കത്തിയോ ബ്ലേഡോ മറ്റോ ഉപയോഗിച്ച് മുറിവേറ്റതാണെന്ന് മനസിലാക്കിയ ഡോക്ടര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന സംശയമുദിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മൂമ്മയാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയത്.

Content Highlights: angamaly baby death case updates

dot image
To advertise here,contact us
dot image