

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് സെക്ടർ 108-ലെ അഴുക്കുചാലിൽ നഗ്നമായ മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കൈകളും മുറിച്ചുമാറ്റിയ നിലയിലായിരുന്നു.
ഇവരെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മറ്റൊരിടത്തുവെച്ച് സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതാവാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
"ഇന്ന് നോയിഡയിലെ ഒരു അഴുക്കുചാലിൽ അജ്ഞാതയുടെ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ ലോക്കൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം അഴുക്കുചാലിൽ നിന്ന് പുറത്തെടുത്തു", പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും മറ്റ് നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പ്രസ്താവനയിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
Content Highlights: Woman's Headless and Naked Body Found Floating In Drain In Posh Noida Sector