

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും' 56-ാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് (IFFI). ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് ആണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നവംബർ 20 മുതൽ 28 വരെ ഗോവയിൽ വെച്ചാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്.
ഏപ്രില്‍ 25 ന് തിയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു തുടരും. 'സൗദി വെള്ളക്ക' എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു തുടരും. എമ്പുരാന് ശേഷം മോഹൻലാലിന്റെ തുടർച്ചയായ രണ്ടാമത്തെ 200 കോടി ചിത്രമായിരുന്നു തുടരും. കേരളത്തിൽ നിന്നും 118 കോടി രൂപയാണ് ചിത്രം നേടിയത്.

പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിൽ പ്രകാശ് വർമ്മ അവതരിപ്പിച്ച ജോർജ് സാർ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്.
Content Highlights: Mohanlal Starrer Thudarum Movie to screen at Goa Film Festival