28 റൺസിൽ ഏഴ് വിക്കറ്റുകൾ, നീലപ്പടയ്ക്ക് മുന്നിൽ കങ്കാരുക്കൾ കിതച്ചുവീണു

പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി

28 റൺസിൽ ഏഴ് വിക്കറ്റുകൾ, നീലപ്പടയ്ക്ക് മുന്നിൽ കങ്കാരുക്കൾ കിതച്ചുവീണു
dot image

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി 20യിൽ തകർപ്പൻ വിജയം നേടി ഇന്ത്യ. 48 റൺസിനാണ് ഇന്ത്യൻ ജയം. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ആദ്യ ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. മറുപടി പറഞ്ഞ ഓസ്ട്രേലിയ 18.2 ഓവറിൽ 119 റൺസിൽ എല്ലാവരും പുറത്തായി.

നേരത്തെ ആദ്യ ബാറ്റിങ്ങിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. 46 റൺസെടുത്ത വൈസ് ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലാണ് ടോപ് സ്കോററായത്. ശിവം ദുബെ 22 റൺസ് നേടി. അവസാന ഓവറുകളിൽ അഞ്ഞടിച്ച അക്സർ പട്ടേൽ 21 റൺസുമായി പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കായി നഥാൻ എല്ലീസ്, ആദം സാംബ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്കായി മാത്യൂ ഷോർട്ടും മിച്ചൽ മാർഷും ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. 24 പന്തിൽ 30 റൺസാണ് ക്യാപ്റ്റൻ മിച്ചൽ മാർഷിന്റെ സംഭാവന. 19 പന്തിൽ 25 റൺസെടുത്ത് മാത്യൂ ഷോർട്ട് പുറത്തായി. പിന്നീട് വന്നവർക്കാർക്കും മികച്ച സ്കോറിലേക്കുയരാൻ കഴിയാതിരുന്നത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി.

ജോഷ് ഇൻ​ഗ്ലീഷ് 12, ടിം ഡേവിഡ് 14, ജോഷ് ഫിലിപ്പി 10, മാർ‌കസ് സ്റ്റോയിനിസ് 17 എന്നിങ്ങനെ സ്കോർ ചെയ്ത് പുറത്തായി. ഇന്ത്യൻ നിരയിൽ സ്പിന്നർ വാഷിങ്ടൺ സുന്ദർ മൂന്ന് വിക്കറ്റുകളെടുത്തു. അക്സർ പട്ടേൽ, ശിവം ദുബെ എന്നിവർ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.

പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇന്ന് ഇന്ത്യ വിജയിച്ചതോടെ ശനിയാഴ്ച നടക്കുന്ന അവസാന മത്സരം ഓസ്ട്രേലിയയ്ക്ക് നിർണായകമായി. അന്ന് വിജയിക്കാനായാൽ ഓസ്ട്രേലിയയ്ക്ക് പരമ്പര സമനിലയിലാക്കാം. മറിച്ചാണ് ഫലമെങ്കിൽ ഓസീസ് മണ്ണിൽ ഇന്ത്യയ്ക്ക് ട്വന്റി 20 പരമ്പര സ്വന്തമാക്കാം.

Content Highlights: India beat Australia by 48 runs to lead series 2-1

dot image
To advertise here,contact us
dot image