

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നടന്‍ മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ലെന്ന് നടനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനുമായ പ്രകാശ് രാജ്. കേരള അവാര്‍ഡ് ജൂറിയില്‍ യാതൊരു ഇടപെടലുമില്ലെന്നും കേന്ദ്രത്തില്‍ അങ്ങനെയല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. തന്നെ ജൂറിയിലേക്ക് ക്ഷണിച്ചപ്പോള്‍ അവാര്‍ഡ് നിര്‍ണയത്തില്‍ കൈ കടത്തലുണ്ടാകില്ലെന്നും സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോടായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
'മമ്മൂക്ക യുവാക്കളുമായാണ് മത്സരിക്കുന്നത്. ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയസൂഷ്മത ശക്തമായിരുന്നു. യുവ നടന്മാര്‍ ആ നിലവാരത്തിലേക്ക് എത്തേണ്ടതുണ്ട്. എന്നാല്‍ ടൊവീനോയെയും ആസിഫ് അലിയെയും പോലുളള യുവ നടന്മാര്‍ അതിനായി പ്രയത്‌നിക്കുന്നുണ്ട്. അത് മമ്മൂക്കയെയും മോഹന്‍ലാലിനെയും പോലുളള മികച്ച നടന്മാരുടെ സ്വാധീനമാണ്. മമ്മൂക്കയുടെ അഭിനയത്തിലെ സൂഷ്മത കാണുമ്പോള്‍ എനിക്ക് അസൂയ തോന്നാറുണ്ട്': പ്രകാശ് രാജ് പറഞ്ഞു.
ദേശീയ പുരസ്‌കാരങ്ങള്‍ കോംപ്രമൈസ്ഡ് ആണ്. കേരളത്തിലെ ജൂറി ചെയര്‍മാനായി എന്നെ ക്ഷണിച്ചപ്പോള്‍ സന്തോഷം തോന്നി. കാരണം അവര്‍ എന്നോട് വിളിച്ച് പറഞ്ഞത് ഈ മേഖലയില്‍ എക്‌സ്പീരിയന്‍സുളള ഒരാളെ വേണമെന്നായിരുന്നു. അവാര്‍ഡ് നിര്‍ണയത്തില്‍ കൈ കടത്തില്ലെന്നും സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും അവര്‍ പറഞ്ഞു. അത് ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ സംഭവിക്കുന്നില്ല. ഫൈല്‍സ് ആന്‍ഡ് പൈല്‍ഡ് ആര്‍ ഗെറ്റിംഗ് അവാര്‍ഡ്‌സ്. അത്തരമൊരു ജൂറിയും അത്തരമൊരു കേന്ദ്രസര്‍ക്കാരും മമ്മൂക്കയെ അര്‍ഹിക്കുന്നില്ല': പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.
Content Highlights: National awards are compromised, central govt doesn't deserve Mammooka: Prakash Raj