

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ അധിക്ഷേപ പരാമര്‍ശത്തിൽ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. പിഎംഎ സലാം അത്തരമൊരു പ്രസ്താവന നടത്താന്‍ പാടില്ലാത്തതാണെന്നും സാധാരണനിലയില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
സലാം സലാമിന്റെ സംസ്‌കാരം പുറത്തെടുത്തുവെന്ന നിലയിലേ അതിനെ കാണുന്നുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. അത്തരത്തിലൊരു പ്രസ്താവനയ്ക്ക് മറുപടിയില്ലെന്നും മന്ത്രി പറഞ്ഞു. അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിലൂടെ കേരളം ഇന്ത്യയ്ക്ക് മാതൃകയായി മാറിയെന്നും ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.
പിഎം ശ്രീയുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. പിഎം ശ്രീ ധാരണാപത്രം താല്‍ക്കാലികമായി മരവിപ്പിക്കാനാണ് തീരുമാനമെങ്കിലും എസ്എസ്‌കെ ഫണ്ട് വാങ്ങാനുള്ള ശ്രമം നടത്തുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമായുള്ള ചര്‍ച്ച പോസിറ്റീവ് ആയിരുന്നു. ഈ മാസം 10 ന് തൊഴില്‍മന്ത്രിമാരുടെ യോഗമുണ്ട്. അന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ ഒന്നുകൂടി കാണാന്‍ ശ്രമിക്കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. 'ഫണ്ട് ലഭിക്കില്ലെന്നത് പ്രചരണം മാത്രമാണ്. എസ്എസ്‌കെ ഫണ്ട് വാങ്ങാന്‍വേണ്ടി ശ്രമം നടത്തും. പിഎംശ്രീയില്‍ വ്യക്തിപരമായി ഹാപ്പി, അണ്‍ഹാപ്പി എന്നൊന്നില്ല. സിപിഐയുമായി പ്രശ്‌നങ്ങളില്ല', വി ശിവന്‍കുട്ടി പറഞ്ഞു.
എസ്എസ്‌കെ ഫണ്ടിനായി സംസ്ഥാനം പ്രൊപ്പോസല്‍ നല്‍കിയില്ലെങ്കിലും സാങ്കേതികമായി നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി എന്നാണ് എസ്എസ്കെ നിലപാട്. മുന്‍ വര്‍ഷങ്ങളിലെ കുടിശിക തുകയ്ക്കായി രേഖകള്‍ നല്‍കുന്ന കാര്യം ആലോചനയില്‍ ഉണ്ട്. 2023 മുതല്‍ ഈ അക്കാദമിക വര്‍ഷം വരെയുള്ള എസ്എസ്‌കെ കുടിശിക 971 കോടി രൂപ അനുവദിക്കാം എന്നാണ് പിഎം ശ്രീ ഒപ്പിട്ടതിന് പിന്നാലെ കേന്ദ്രം സര്‍ക്കാരിന് നല്‍കിയ വാഗ്ദാനം. എന്നാല്‍ പദ്ധതി മരവിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ ഫണ്ട് നീക്കവും മരവിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച എത്തുമെന്ന് പറഞ്ഞ ആദ്യ ഗഡുവായ 319 കോടി രൂപ ഇതുവരെയും കിട്ടിയിട്ടില്ല. ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ അഡീ. സെക്രട്ടറി ധീരജ് സാഹുവിനെ കണ്ടപ്പോള്‍ രേഖകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ സമര്‍പ്പിക്കാനാണ് മന്ത്രി വി ശിവന്‍കുട്ടിക്ക് കിട്ടിയ മറുപടി.
Content Highlights: V Sivankutty says he will try to acquire SSK funds From Centre