പോക്‌സോ അതിജീവിത വീണ്ടും പീഡനത്തിന് ഇരയായ സംഭവം: കുട്ടിയെ ബീച്ചിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചെന്ന് മൊഴി

പെണ്‍കുട്ടിയെ വീണ്ടും വെളളിമാടുകുന്നിലെ എന്‍ട്രി ഹോമില്‍ പ്രവേശിപ്പിച്ചു

പോക്‌സോ അതിജീവിത വീണ്ടും പീഡനത്തിന് ഇരയായ സംഭവം: കുട്ടിയെ ബീച്ചിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചെന്ന് മൊഴി
dot image

കോഴിക്കോട്: കോഴിക്കോട് പോക്‌സോ കേസ് അതിജീവിത വീണ്ടും പീഡനത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയെ ബീച്ചിന് സമീപത്തും ലോഡ്ജിലും എത്തിച്ച് പീഡനത്തിന് ഇരയാക്കി. പീഡിപ്പിച്ചവരില്‍ ഒരാള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ആളാണ് എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ചേവായൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വെളളയില്‍, ടൗണ്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. പെണ്‍കുട്ടിയെ വീണ്ടും വെളളിമാടുകുന്നിലെ എന്‍ട്രി ഹോമില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച്ച വെളളിമാടുകുന്ന് എന്‍ട്രി ഹോമില്‍ നിന്ന് സ്കൂളിലേക്ക് പോയ കുട്ടിയെ കാണാതായിരുന്നു. അന്നു രാത്രിയോടെ ബീച്ചില്‍ നിന്ന് കുട്ടിയെ കണ്ടെത്തി ചേവായൂര്‍ പൊലീസ് സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാക്കി. കുട്ടിയെ വീണ്ടും രണ്ടുപേര്‍ പീഡിപ്പിച്ചതായി പൊലീസ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. കുട്ടിയെ കണ്ടെത്തി ഹാജരാക്കുന്നതില്‍ കാലതാമസം വരുത്തിയതിനും കണ്ടെത്തിയ ശേഷം നടപടിക്രമങ്ങള്‍ സിഡബ്ല്യുസിയെ അറിയിക്കാത്തതിനും വിശദീകരണം നല്‍കാന്‍ ചേവായൂര്‍ പൊലീസിന് സിഡബ്ല്യുസി ചെയര്‍മാന്‍ നോട്ടീസ് നല്‍കിയിരുന്നു.

ഒരുമാസമായി എന്‍ട്രി ഹോമില്‍ താമസിക്കുകയായിരുന്ന പതിനേഴുകാരിക്ക് സിഡബ്ല്യുസിയുടെ നേതൃത്വത്തിലാണ് നഗരത്തിലെ വിദ്യാലയത്തില്‍ പ്രവേശനം ലഭിച്ചത്. ചൊവ്വാഴ്ച്ച സ്‌കൂളിലേക്ക് പോയ കുട്ടി അവിടെ എത്താതിരുന്നതോടെ സ്കൂൾ അധികൃതർ വിവരമറിയിക്കുകയും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. കണ്ടെത്തിയ ശേഷം കുട്ടിയുമായി സംസാരിച്ചപ്പോള്‍ നഗരത്തില്‍വെച്ച് രണ്ടിടങ്ങളില്‍ നിന്ന് പീഡിപ്പിക്കപ്പെട്ടെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കുകയായിരുന്നു.

നേരത്തെ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ ഡിഎന്‍എ പരിശോധന നടത്തുന്നതിനും ആ കേസില്‍ വെളളയില്‍ പൊലീസ് അന്വേഷണം നടത്തുന്ന സാഹചര്യത്തിലുമാണ് സുരക്ഷയുടെ ഭാഗമായി എന്‍ട്രി ഹോമില്‍ താമസിപ്പിച്ചിരുന്നത്. പെണ്‍കുട്ടി ഷെല്‍ട്ടര്‍ ഹോമില്‍ സുരക്ഷിതയല്ലെന്നും തനിക്കൊപ്പം വിടണമെന്നും ആവശ്യപ്പെട്ട് അമ്മ മുഖ്യമന്ത്രിക്ക് കത്തയക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ നടപടി കാത്തിരിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായതും കുട്ടി വീണ്ടും പീഡനത്തിന് ഇരയായതും.

Content Highlights: POCSO survivor again a victim of rape: child was abuse near beach and a lodge

dot image
To advertise here,contact us
dot image