


 
            തിരുവനന്തപുരം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. പിഎം ശ്രീയില്‍ പങ്കാളിയാകാന്‍ താല്‍പര്യമില്ലെങ്കില്‍ കാവി പണം തങ്ങള്‍ക്ക് വേണ്ടെന്ന് വിളിച്ച് പറയാനുള്ള ആര്‍ജവമുണ്ടാകണമെന്നായിരുന്നു ജോര്‍ജ് കുര്യന്റെ വെല്ലുവിളി. കേന്ദ്രത്തില്‍ നിന്ന് വരുന്നതെല്ലാം കാവിയുടെ നിറത്തിലുള്ള പണമാണല്ലോ?. പിഎം ശ്രീയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ കാപട്യം കാണിക്കരുത് എന്ന് മാത്രമാണ് പറയാനുള്ളതെന്നും ജോര്‍ജ് കുര്യൻ പറഞ്ഞു.
'ഇത് നമ്മുടെയൊന്നും ഭാവിയുടെ കാര്യമല്ല, കുട്ടികളുടെ ഭാവിയുടെ കാര്യമാണ്. 15 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ അവരാണ് ഇവിടുത്തെ പൗരന്മാര്‍. ആ കുട്ടികളുടെ അവകാശങ്ങളെ നിഷേധിക്കാന്‍ നമുക്ക് എന്താണ് അവകാശം. കേന്ദ്രസര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരിനെയും ജനങ്ങള്‍ തെരഞ്ഞെടുത്തതാണ്. അതുകൊണ്ട് മുഖ്യമന്ത്രി വാര്‍ത്തസമ്മേളനം വിളിച്ച് സമഗ്ര ശിക്ഷാ അഭിയാന്റെ കാവി പണം വേണ്ട എന്ന് പറയട്ടെ', ജോര്‍ജ് കുര്യന്‍ പറഞ്ഞു.
'2023 ജൂണ്‍ മാസം അഞ്ചാം തീയതി മുഖ്യമന്ത്രി എല്ലാ വൈസ് ചാന്‍സലര്‍മാരെയും വിളിച്ചു ചേര്‍ത്തിരുന്നു. അതില്‍ ഏതാനും സര്‍വകലാശാലകളില്‍ അന്ന് തന്നെ എന്‍ഇപി നടപ്പിലാക്കി തുടങ്ങിയിരുന്നു. ഇത് ആഗോള സിലബസാണ് എന്നതായിരുന്നു അതേപ്പറ്റി മുഖ്യമന്ത്രിയോട് ചോദിച്ചപ്പോൾ പറഞ്ഞത്. എന്നാല്‍ അത് കേന്ദ്രത്തിന്റെ എന്‍ഇപി സിലബസ് ആയിരുന്നു. നരേന്ദ്ര മോദിയെയോ ബിജെപിയെയോ കുറിച്ച് പറയാന്‍ കഴിയില്ലെങ്കില്‍ അവര്‍ മറ്റെവിടെ നിന്നാണ് ഇതെന്ന് പറയട്ടെ. സര്‍ക്കാരിന് ഭയമാണെങ്കിലും അല്ലെങ്കിലും അവര്‍ കരാറില്‍ ഒപ്പുവെച്ചിരുന്നല്ലോ. 2024ലാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിന് തയ്യാറാണെന്ന് പറഞ്ഞത്. അപ്പോള്‍ പഠിക്കാതെ പറഞ്ഞതല്ല എന്ന കാര്യം വ്യക്തമാണ്. എന്നിട്ട് അതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. എഗ്രിമെന്റില്‍ ഒപ്പുവച്ച ശേഷം കത്ത് കൊടുത്തിട്ട് കാര്യമില്ല എന്നത് സാധാരണക്കാരന് പോലും അറിയാവുന്ന കാര്യമാണ്', ജോര്‍ജ് കുര്യന്‍ പറഞ്ഞു.
അതേസമയം പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം മരവിപ്പിക്കാന്‍ കേരളം അയയ്ക്കുന്ന കത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് കരാര്‍ മരവിപ്പിക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്. സബ് കമ്മിറ്റിയെ നിയോഗിച്ച കാര്യവും കത്തിലുണ്ട്. സബ് കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നത് വരെ സംസ്ഥാനം പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്നാണ് കേരളം കേന്ദ്രത്തിന് അയയ്ക്കുന്ന കത്തില്‍ പറയുന്നത്. മന്ത്രിസഭാ തീരുമാനത്തോട് കേന്ദ്രം സഹകരിക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.
ചീഫ് സെക്രട്ടറി കെ ജയതിലക് കേന്ദ്ര വിദ്യഭ്യാസ വകുപ്പിന് അയയ്ക്കാനിരിക്കുന്ന കത്തിലെ വിശദാംശങ്ങളാണ് പുറത്തുവന്നത്. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് കേരളം കേന്ദ്രത്തിന് കത്ത് അയയ്ക്കുന്നത്. മന്ത്രിസഭ പിഎം ശ്രീ വിഷയവുമായി ബന്ധപ്പെട്ട് ഏഴംഗ സബ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഈ സബ് കമ്മിറ്റി പിഎം ശ്രീ സംബന്ധിച്ച് വിശദമായ പഠനം നടത്തും. ആ പഠനത്തിന്റെ റിപ്പോര്‍ട്ട് വരുന്നത് വരെ കേരളം പിഎം ശ്രീ കരാറുമായി മുന്നോട്ടുപോകുന്നില്ല, തല്‍ക്കാലം മരവിപ്പിക്കാനുളള തീരുമാനമാണ് മന്ത്രിസഭ എടുത്തത്. ഈ തീരുമാനത്തോട് കേന്ദ്രം സഹകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നാണ് കത്തില്‍ പറയുന്നത്. എന്നാല്‍ എത്ര സമയത്തേക്കാണ് കരാര്‍ മരവിപ്പിക്കുന്നത് എന്ന് കത്തില്‍ പറയുന്നില്ല. ധാരണാപത്രം തയ്യാറാക്കിയ വിദ്യാഭ്യാസ വകുപ്പ് തന്നെയാണ് കത്ത് തയ്യാറാക്കിയിരിക്കുന്നതും. സബ് കമ്മിറ്റിയിലുളള സിപിഐയുടെ മന്ത്രിമാരായ കെ രാജനെയും പി പ്രസാദിനെയും കത്തിന്റെ ഉളളടക്കം ധരിപ്പിച്ചിട്ടുണ്ട്. അവര്‍ കൂടി സംതൃപ്തരായതിനുശേഷമാണ് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്ത് അയയ്ക്കുക.
ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനാറിനായിരുന്നു പിഎം ശ്രീ ധാരണാപത്രം തയ്യാറാക്കിയത്. 22ന് ധാരണാപത്രം ഡല്‍ഹിയില്‍ എത്തിക്കുകയും 23ന് ഒപ്പിട്ട് തിരികെ എത്തിക്കുകയും ചെയ്തു. സിപിഐയെ അറിയിക്കാതെയായിരുന്നു നീക്കങ്ങള്‍. ഇതിന് തൊട്ടുമുന്‍പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയോ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയോ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. ധാരണാപത്രത്തില്‍ ഒപ്പിട്ട വിവരം വാര്‍ത്തയായതോടെ സിപിഐ ഇടഞ്ഞു. സര്‍ക്കാര്‍ മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ബിനോയ് വിശ്വം രംഗത്തെത്തി. പല ഘട്ടങ്ങളിലും സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ ബിനോയ് വിശ്വം ഉന്നംവെച്ചു. ഒടുവില്‍ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയും വിഷയത്തില്‍ ഇടപെട്ടു. സിപിഐഎം സംസ്ഥാന ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി ഡി രാജ കൂടിക്കാഴ്ച നടത്തിയെങ്കിലും സമവായമുണ്ടായില്ല. പിഎം ശ്രീയില്‍ ഒപ്പിട്ട നടപടി പാര്‍ട്ടി നയത്തിന് വിരുദ്ധമെന്നായിരുന്നു ഡി രാജ പറഞ്ഞത്. വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം സിപിഐ എക്‌സിക്യൂട്ടീവ് ചേര്‍ന്നിരുന്നു. അതില്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കടുത്ത തീരുമാനമായിരുന്നു സിപിഐ സ്വീകരിച്ചത്. ഇതിന് ശേഷം എല്‍ഡിഎഫ് യോഗം ചേര്‍ന്നിരുന്നു. ഇതില്‍ പദ്ധതി താല്‍ക്കാലികമായി മരവിപ്പിക്കാന്‍ തീരുമാനിച്ചു. വിവരം സിപിഐയെ അറിയിച്ചതോടെ അവര്‍ അയഞ്ഞു. പിന്നാലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുത്തു. മന്ത്രിസഭാ യോഗത്തില്‍ പിഎംശ്രീ ചര്‍ച്ച ചെയ്യുതയും വിഷയം പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി മന്ത്രിസഭാ തീരുമാനം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
Content Highlight; Union Minister George Kurien mocks Kerala government over PM SHRI scheme
 
                        
                        