

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ പോലെ പിണറായി വിജയനും നരകിച്ചേ മരിക്കൂവെന്ന യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍. ഇവരുടെ ഉള്ളില്‍ എത്ര വലിയ വിഷമാണുള്ളതെന്ന് താന്‍ അതിശയിച്ചു പോയെന്നും പിന്നീടാണ് ആര്‍എസ്എസ് അല്ലെ അതിശയിക്കേണ്ടതില്ല എന്ന കാര്യം ഓര്‍മ്മ വന്നതെന്നും ആര്യ ഫേസ്ബുക്കില്‍ കുറിച്ചു.
രാഷ്ട്രീയ പ്രവര്‍ത്തകര്‍ നാടിന് മാതൃകയാകേണ്ടവരാണ്. സഹജീവി സ്‌നേഹം ഉണ്ടാവേണ്ടവരാണ്. ഇങ്ങനെയുള്ള കൊടിയ വിഷങ്ങള്‍ നാടിന് ആപത്താണെന്നും ഇത്തരക്കാരില്‍ നിന്ന് അകന്ന് നില്‍ക്കാനുള്ള ജാഗ്രത പുലര്‍ത്തണമെന്നാണ് പൊതുസമൂഹത്തോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും ആര്യ പറഞ്ഞു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഉള്ളപ്പോഴും മാനുഷിക മൂല്യം ഉയര്‍ത്തിപിടിക്കണം എന്നാണ് തന്റെ രാഷ്ട്രീയം തന്നെ പഠിപ്പിച്ചതെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ബഹുമാനപ്പെട്ട ഉമ്മന്‍ചാണ്ടി സാറിന്റെ മരണം സംഭവിക്കുമ്പോള്‍ ഞാന്‍ പൂര്‍ണ്ണ ഗര്‍ഭിണിയാണ്. ദര്‍ബാര്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് കൊണ്ട് വന്നപ്പോള്‍ പല തവണ അടുത്തു വരെ എത്താന്‍ ശ്രമിച്ചപ്പോഴൊക്കെ തിരക്ക് കാരണം എത്താന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇത്
കണ്ടു നിന്ന പലരും എന്റെ അവസ്ഥ കണ്ട് ആ ശ്രമം ഒഴിവാക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞു.
സുരക്ഷിതമായി അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നത് വരെ കാത്തിരിക്കാമെന്ന് സച്ചിനേട്ടനും പറഞ്ഞു. അങ്ങനെ ഞങ്ങള്‍ കാത്തിരുന്നു. ഇത് കണ്ടുനിന്ന ചിലര്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ തിരക്കൊഴിഞ്ഞ സമയം എനിക്ക് വഴിയൊരുക്കി തരുകയും ഒരുപാട് സമയം ഞാന്‍ അദ്ദേഹത്തിന്റെ അടുത്തും കുടുംബത്തിന്റെ അടുത്തും നിന്നു.
രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഉള്ളപ്പോഴും മാനുഷിക മൂല്യം ഉയര്‍ത്തിപിടിക്കണം എന്നാണ് എന്റെ രാഷ്ട്രീയം എന്നെ പഠിപ്പിച്ചത്. നാളെയെ കുറിച്ച് നമുക്ക് ഉറപ്പുള്ള ഒരേ ഒരുകാര്യം ഒരു ദിവസം ആരാണെങ്കിലും മരിക്കും എന്നത് മാത്രമാണ്. രോഗം വന്നോ അല്ലാതയോ ഒരുപാട് രാഷ്ട്രീയ നേതാക്കള്‍ നമ്മെ വിട്ടു പിരിഞ്ഞിട്ടുണ്ട്. അതില്‍ പലരും സ്വന്തം ആരോഗ്യം പോലും നോക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണ്.
കഴിഞ്ഞ ദിവസമാണ് ഒരു വീഡിയോ ശ്രദ്ധയില്‍പെട്ടത് വീഡിയോയിലെ പെണ്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ :
''കോടിയേരി ബാലകൃഷ്ണനെ പോലെ പിണറായി വിജയനും നരകിച്ചേ മരിക്കൂ''
-അധീന ഭാരതി
ഈ അധീനയുടെ ഉള്ളില്‍ എത്ര വലിയ വിഷമാണ് എന്ന് ഞാന്‍ അതിശയിച്ചു പോയി. പിന്നീടാണ് ഞടട അല്ലെ അതിശയിക്കേണ്ടതില്ല എന്ന കാര്യം ഓര്‍മ്മ വന്നത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ നാടിന് മാതൃകയാകേണ്ടവരാണ്. സഹജീവി സ്‌നേഹം ഉണ്ടാവേണ്ടവരാണ്. ഇങ്ങനെയുള്ള കൊടിയ വിഷങ്ങള്‍ നാടിന് ആപത്താണ്. ഇത്തരക്കാരില്‍ നിന്ന് അകന്ന് നില്‍ക്കാനുള്ള ജാഗ്രത പുലര്‍ത്തണമെന്നാണ് പൊതുസമൂഹത്തോട് അഭ്യര്‍ത്ഥിക്കാനുള്ളത്.
Content Highlights: mayor arya rajendran against adeena bharati