

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ സിപിഐയ്ക്ക് മുന്നില്‍ മുട്ടുമടക്കി സിപിഐഎം. പദ്ധതി തല്‍ക്കാലത്തേക്ക് മരവിപ്പിക്കാന്‍ കേന്ദ്രത്തിന് കത്ത് നല്‍കും. തീരുമാനം സിപിഐ ദേശീയ സെക്രട്ടറി ഡി രാജയെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെയും അറിയിച്ചു.
എല്ലാം പോസിറ്റീവാണെന്നായിരുന്നു കെ പ്രകാശ് ബാബു പ്രതികരിച്ചത്. സിപിഐ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ഒരുമണിക്ക് ചേരും. തലസ്ഥാനത്ത് ഇല്ലാത്ത അംഗങ്ങളോട് ഓണ്‍ലൈനിലൂടെ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഐ അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റ് ചേരുകയാണ്. സർക്കാർ തീരുമാനത്തിൽ അനുകൂല നിലപാടാണ് അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റിനുള്ളത്. കേന്ദ്രത്തിന് അയക്കുന്ന കത്ത് മാധ്യമങ്ങൾക്ക് നൽകണമെന്ന ആവശ്യം സിപിഐഎമ്മിന് മുന്നിൽ വെച്ചു. അല്ലെങ്കിൽ മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ സർക്കാർ തീരുമാനം മാധ്യമങ്ങളോട് പറയണമെന്നുള്ള നിലപാടിൽകൂടിയാണ് സിപിഐ.
അതേസമയം, മന്ത്രിസഭായോഗം വൈകിട്ട് മൂന്നരയ്ക്ക് ചേരും. സാധാരണ രാവിലെ 10-ന് ചേരുന്ന മന്ത്രിസഭാ യോഗമാണ് ബുധനാഴ്ച മൂന്നരയിലേക്ക് മാറ്റിയത്. സമവായ നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഈ മാറ്റമെന്നാണ് പുറത്തുവന്നിരുന്ന സൂചനകൾ. സിപിഐ മന്ത്രിമാര്‍ യോഗത്തിന് എത്തുമോ എന്നാണ് ഇനി അറിയേണ്ടത്.
രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ പട്ടിക തയ്യാറാക്കല്‍ അടക്കം പിഎം ശ്രീയുടെ തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. നിശബ്ദത പാലിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ധാരണാപത്രം റദ്ദാക്കാതെ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവില്ലെന്ന് സിപിഐ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
ചര്‍ച്ചയില്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ച എല്ലാ ഉപാധികളും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളിയിരുന്നു. പിഎം ശ്രീ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്ത് തീരുമാനവുമെടുക്കാമെന്ന് സിപിഐ ദേശീയ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. അതോടൊപ്പം ധാരണാപത്രം റദ്ദാക്കണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയും പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
Content Highlights: cpim will be sent letter to the Center to temporarily freeze the pm shri project