അടിമാലി ദുരന്തം; സന്ധ്യയുടെ ചികിത്സാ ചെലവ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഏറ്റെടുക്കും

കാലിലെ മസിലുകൾ ചതഞ്ഞരഞ്ഞതിനാൽ സന്ധ്യയുടെ ഇടതു കാൽ മുറിച്ചുമാറ്റിയിരുന്നു

അടിമാലി ദുരന്തം; സന്ധ്യയുടെ ചികിത്സാ ചെലവ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഏറ്റെടുക്കും
dot image

കൊച്ചി: അടിമാലി മണ്ണിടിച്ചിൽ ഗുരുതര പരിക്കേറ്റ സന്ധ്യയുടെ ചികിത്സ ചെലവ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഏറ്റെടുക്കും. സന്ധ്യയുടെ സഹോദരൻ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. കാലിലെ മസിലുകൾ ചതഞ്ഞരഞ്ഞതിനാൽ സന്ധ്യയുടെ ഇടതു കാൽ മുട്ടിന് താഴെനിന്ന് മുറിച്ചുമാറ്റിയിരുന്നു.

നിസ്സഹായരായ ബന്ധുക്കൾ സഹായം തേടി മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. തുടർന്ന് മമ്മൂട്ടി നേരിട്ട് സന്ധ്യയുടെ ചികിത്സ നടക്കുന്ന എറണാകുളത്തെ രാജ​ഗിരി ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ചികിത്സാച്ചെലവുകൾ പൂർണമായും ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിക്കുകയുമായിരുന്നു.

സന്ധ്യയുടെ ചികിത്സാ ചിലവ് സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയക്ടർക്ക് നിർദേശം നൽകിയതായാണ് വിവരം. അടിയന്തര സഹായം ഇന്ന് കൈമാറിയേക്കും. ഇടുക്കി ജില്ലാ ഭരണകൂടം ദേശീയപാത അധികൃതരുമായി സംസാരിച്ചു. കുടുംബത്തിന്റെ ദയനീയ അവസ്ഥ സഹോദരൻ റിപ്പോർട്ടറിനോട് തുറന്ന് പറഞ്ഞിരുന്നു. പുനരധിവാസം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും.

വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സന്ധ്യയുടെ ഭർത്താവ് നെടുമ്പള്ളിക്കുടിയിൽ ബിജു (45) മരിച്ചിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്നും ബിജുവിന്റെതടക്കം 22 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. എന്നാൽ രാത്രിയിൽ ഭക്ഷണം കഴിക്കാനായി ഇരുവരും വീട്ടിലെത്തി 20 മിനുട്ടിനകം അപകടം സംഭവിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഇരുവരെയും പുറത്തെടുത്തത്. സന്ധ്യയ്ക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയിരുന്നു. ദേശീയപാതയ്ക്കായി അശാസ്ത്രീയമായി മണ്ണെടുത്തതിനെ തുടർന്നാണ് പ്രദേശത്ത് അപകടമുണ്ടായതെന്നാണ് ആരോപണം.

അതേസമയം, കുടുംബത്തിന് സർക്കാർ സഹായം വേണമെന്ന് സന്ധ്യയുടെ സഹോദരൻ പറഞ്ഞിരുന്നു. ഇതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ല. അപകടത്തോടെ ബിജുവിന്റെ കുടുംബം നിരാലംബമായി. സർക്കാർ ആനുകൂല്യം ലഭിക്കാതെ മറ്റ് മാർഗമില്ല. സർക്കാറിന് മുന്നിൽ കുടുംബം കൈ നീട്ടുകയാണ്. അപകട ഭീഷണിയുള്ള സ്ഥലമല്ലിത്. അശാസ്ത്രീയ റോഡ് നിർമ്മാണമാണ് അപകടത്തിന് ഇടയാക്കിയത്. ബിജുവിന്റെ മരണത്തെ കുറിച്ച് സന്ധ്യയെ ഒരു വിവരവും അറിയിച്ചിട്ടില്ല. ബിജു എവിടെയെന്ന് ചോദിക്കുകയും കാണണമെന്ന് വാശിപിടിക്കുകയും ചെയ്യുന്നുണ്ടെന്നും സന്ദീപ് പറഞ്ഞിരുന്നു.

Content Highlights: Mammootty leading foundation will bear the medical expenses of Sandhya, who was seriously injured in the Adimali landslide

dot image
To advertise here,contact us
dot image