

ആലപ്പുഴ: നാലുചിറ പാലം ഉദ്ഘാടന പരിപാടിയില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍
പങ്കെടുക്കില്ല. എച്ച് സലാം എംഎല്‍എ നേരിട്ടെത്തി ക്ഷണിച്ചിട്ടും സുധാകരന്‍ വഴങ്ങിയില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്യുന്നത്.
അതേസമയം, പുന്നപ്ര വയലാര്‍ വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന ദീപശിഖ റാലിയില്‍ ജി സുധാകരന്‍ പങ്കെടുക്കുന്നുണ്ട്. സുധാകരനാണ് ദീപശിഖ തെളിയിക്കുന്നത്. തുടര്‍ന്ന് ദീപശിഖ പ്രയാണത്തെ അനുഗമിക്കും. രക്തസാക്ഷികളുടെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം.
രണ്ടാം പിണറായിസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ജി സുധാകരനെ സര്‍ക്കാര്‍ പരിപാടിയിലേക്ക് ക്ഷണിച്ചത്. കെ സി വേണുഗോപാല്‍ എംപിക്കൊപ്പം വിശിഷ്ടാതിഥിയായായായിരുന്നു പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രികൂടിയായ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നത്. സുധാകരൻ മന്ത്രിയായിരുന്ന ഒന്നാംപിണറായി സർക്കാരിന്റെ കാലത്താണ് പാലംപണി തുടങ്ങിയത്.
നാളുകളായി പാര്‍ട്ടിയോട് ഇടഞ്ഞുനില്‍ക്കുന്ന സുധാകരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ക്ഷണമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. നേരത്തെ കുട്ടനാട്ടില്‍ നടന്ന വിഎസ് സ്മാരക കേരള പുരസ്‌കാര സമര്‍പ്പണ ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
'കുട്ടനാട്ടില്‍ നമ്മുടെ ആവശ്യമില്ല. അവര്‍ നടത്തിക്കോളും. അവിടെ ആളുണ്ട്' എന്നാണ് ജി സുധാകരന്‍ പറഞ്ഞത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി നേരിട്ടെത്തി ക്ഷണിച്ച പരിപാടിയില്‍ നിന്നാണ് അദ്ദേഹം വിട്ടുനിന്നത്. അനുനയത്തിനായി പി എസ് സുജാതയും ആര്‍ നാസറും ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സത്യപാലനും സുധാകരന്റെ വീട്ടിലെത്തി കണ്ടിരുന്നു.
Content Highlights: CPIM leader G Sudhakaran will not attend the inauguration of the Naluchira Bridge