തർക്കങ്ങളിൽ മഞ്ഞുരുക്കം; അമേരിക്ക-ചൈന വ്യാപാരക്കരാറിന് രൂപരേഖയായി, ഇരുപ്രസിഡന്റുമാരും കൂടിക്കാഴ്ചയ്ക്ക്

ചൈനയുടെ പ്രതിനിധിയായ ലിചെങ്ഗാങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്

തർക്കങ്ങളിൽ മഞ്ഞുരുക്കം; അമേരിക്ക-ചൈന വ്യാപാരക്കരാറിന് രൂപരേഖയായി, ഇരുപ്രസിഡന്റുമാരും കൂടിക്കാഴ്ചയ്ക്ക്
dot image

വാഷിങ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലെ തര്‍ക്കങ്ങളില്‍ മഞ്ഞുരുകുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാറിന് രൂപരേഖയായി. ചൈനയുടെ പ്രതിനിധിയായ ലിചെങ്ഗാങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആസിയാന്‍ ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ലി. തര്‍ക്കവിഷയങ്ങളില്‍ യുഎസും ചൈനയും തമ്മില്‍ പ്രാഥമിക ധാരണയായെന്നാണ് ലി പറഞ്ഞത്. കരാറിന് വഴിയൊരുങ്ങിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പറഞ്ഞു.

ഈ ആഴ്ച അവസാനം ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. ചൈന യുഎസില്‍ നിന്ന് സോയാബീന്‍ വാങ്ങുന്നത് പുനരാരംഭിക്കുമെന്നും വിവരമുണ്ട്.ചൈനയ്ക്കു മേല്‍ യുഎസ് ചുമത്തിയ 100 ശതമാനം തീരുവ ഒഴിവാകുമെന്നും യുഎസില്‍ നിന്നുള്ള സോയാബീന്‍ ഇറക്കുമതി ചൈന പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള വ്യാപാര യുദ്ധം കൂടുതല്‍ വഷളാകുന്നത് ഒഴിവാക്കാനുള്ള ശ്രമത്തില്‍ തന്നെയാണ് ഇരു രാജ്യങ്ങളുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഏഷ്യന്‍ രാജ്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ട്രംപ് അടുത്തയാഴ്ച ഷി ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇരുവരുടേയും കൂടിക്കാഴ്ച സംബന്ധിച്ച് വൈറ്റ്ഹൗസും സ്ഥിരീകരണവുമായി രംഗത്തെത്തിയിരുന്നു. ഒക്ടോബര്‍ 30നായിരിക്കും കൂടിക്കാഴ്ചയെന്നാണ് പുറത്തുവരുന്ന വിവരം.

ദക്ഷിണ കൊറിയയിലെ ബുസാനില്‍ നടക്കുന്ന ഏഷ്യ- പസഫിക് എക്കണോമിക് കോ ഓപ്പറേഷന്‍ ഉച്ചകോടിയില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് വെള്ളിയാഴ്ച രാത്രി മലേഷ്യയിലേക്ക് പുറപ്പെടുമെന്നും ജപ്പാന്‍, ദക്ഷിണകൊറിയ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചിരുന്നു. ഏഷ്യന്‍-പസഫിക് ഉച്ചകോടിയെ അഭിസംബോധന ചെയ്തതിനു ശേഷം ചൈനിസ് പ്രസിഡന്റിനെ കാണുമെന്നും പ്രസ് സെക്രട്ടറി വ്യക്തമാക്കി.

ചൈനയ്ക്ക് മേല്‍ താരിഫ് 150 ശതമാനം വരെ ഉയര്‍ത്തുമെന്ന് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനോട് തങ്ങള്‍ പ്രതികരിക്കുമെന്നായിരുന്നു ചൈനയുടെ പ്രതികരണം. കൂടിക്കാഴ്ചയോടെ വ്യാപാര പ്രശ്നങ്ങളിലും പരസ്പര തര്‍ക്കങ്ങളിലും എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം. 2019ന് ശേഷം ട്രംപും ഷീയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയായിരിക്കും ഇത്. 2019ല്‍ ജപ്പാനില്‍ നടന്ന ജി 20 ഉച്ചകോടിയിലാണ് ഇരുവരും അവസാനമായി കണ്ടിരുന്നത്.

Content Highlights:US and China agree framework of trade deal ahead of Trump-Xi meeting

dot image
To advertise here,contact us
dot image