

കൊല്ലം: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബെയ്‌റോ തുറമുഖത്തിന് സമീപം ഉണ്ടായ ബോട്ടപകടത്തില്‍ മരിച്ച തേവലക്കര സ്വദേശി ശ്രീരാഗി(36)ന് നാടിന്റെ യാത്രാമൊഴി. ശനിയാഴ്ചയാണ് മൊസാംബിക്കില്‍ നിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം എയര്‍ ഇന്ത്യാ വിമാനത്തില്‍ കൊച്ചിയില്‍ കൊണ്ടുവന്നത്. അവിടെനിന്ന് ചവറ തേവലക്കരയില്‍ എത്തിക്കുകയായിരുന്നു. മകള്‍ അതിഥി ശ്രീരാഗിന്റെ ചിതയ്ക്ക് തീകൊളുത്തി.
ഇറ്റലി ആസ്ഥാനമായ സ്‌കോര്‍പ്പിയോ ഷിപ്പിങ് കമ്പനിയിലെ സ്വീക്വസ്റ്റ് എന്ന കപ്പലിലെ ഇലക്ട്രോ ഓഫീസറായിരുന്നു ശ്രീരാഗ്. ഏഴുവര്‍ഷമായി കപ്പലില്‍ ജോലി ചെയ്തിരുന്ന ശ്രീരാഗ് മൊസാംബിക്കിലെ ജോലിയില്‍ പ്രവേശിച്ചിട്ട് മൂന്ന് വര്‍ഷമായി. ആറുമാസത്തെ അവധിക്ക് ശേഷം കഴിഞ്ഞ പതിമൂന്നിനാണ് മൊസാംബിക്കിലേക്ക് തിരിച്ചത്.
ബെയ്‌റോ തുറമുഖത്തിന് സമീപം ഒക്ടോബര്‍ 17-നാണ് അപകടമുണ്ടായത്. സ്വീക്വസ്റ്റ് കപ്പലില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി 21 ജീവനക്കാരുമായി പോയ സ്വകാര്യ ഏജന്‍സികളുടെ ബോട്ട് അപകടത്തിൽപ്പെട്ടാണ് ശ്രീരാഗ് മരിച്ചത്.
Content Highlights: Mozambique boat tragedy sreerag funeral