രാഹുലിന്‍റെ പരിപാടികളില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം പാര്‍ട്ടി നല്‍കിയിട്ടില്ല: പാലക്കാട് നഗരസഭ അധ്യക്ഷ

ബിജെപി സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിട്ടില്ലെന്നും പ്രമീള ശശീധരൻ

രാഹുലിന്‍റെ പരിപാടികളില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം പാര്‍ട്ടി നല്‍കിയിട്ടില്ല: പാലക്കാട് നഗരസഭ അധ്യക്ഷ
dot image

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കൊപ്പം വേദി പങ്കിട്ടതില്‍ വിശദീകരണവുമായി പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പരിപാടികളില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം പാര്‍ട്ടി നല്‍കിയിട്ടില്ലെന്നും വികസന പ്രവര്‍ത്തനം എന്ന നിലയിലാണ് റോഡ് ഉദ്ഘാടനത്തില്‍ പങ്കെടുത്തതെന്നും ബിജെപി നേതാവ് പറഞ്ഞു.

സംഭവത്തില്‍ തന്നോട് ബിജെപി സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിട്ടില്ല. പാര്‍ട്ടി എന്തുനടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കും. നഗരസഭയുടെയും ജനങ്ങളുടെയും ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും പ്രമീള ശശിധരന്‍ വിശദീകരിച്ചു.

അതേസമയം പ്രമീള ശശിധരനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി പാലക്കാട് ജില്ലാനേതൃത്വം രംഗത്തെത്തി. നടപടി പാര്‍ട്ടി വിരുദ്ധമാണെന്നും നാണക്കേട് ഉണ്ടാക്കിയെന്നും ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ പറഞ്ഞു. പ്രമീളയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു.

ഇന്നലെയാണ് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ രാഹുല്‍ മാങ്കുട്ടത്തില്‍നൊപ്പം വേദി പങ്കിട്ടത്. നഗരത്തിലെ സ്റ്റേഡിയം ബൈപ്പാസ് റോഡ് ഉദ്ഘാടനത്തിലാണ് പ്രമീള ശശിധരന്‍ രാഹുല്‍ മാങ്കുട്ടത്തിലിന് ഒപ്പം വേദി പങ്കിട്ടത്. രാഹുലിനെ പൊതു പരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്ന ബിജെപി നിലപാടിന് വിരുദ്ധമായായിരുന്നു ഈ നീക്കം.

ലൈംഗികാരോപണത്തിന് പിന്നാലെ മാറി നിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ സമീപകാലത്ത് വീണ്ടും മണ്ഡലത്തില്‍ സജീവമാകുകയാണ്. നേരത്തെ കെഎസ്ആര്‍ടിസി ബസിന്റെ ഉദ്ഘാടനത്തിനും റോഡ് ഉദ്ഘാടനത്തിനും എംഎല്‍എ പങ്കെടുത്തിരുന്നു. എന്നാല്‍ ഇവിടെയെല്ലാം തടയുമെന്ന നിലപാടിലായിരുന്നു സിപിഐഎമ്മും ബിജെപിയും.

Content Highlights: BJP not issued any instructions not to attend Rahul Mamkootathil events Said chairperson

dot image
To advertise here,contact us
dot image