

ഇടുക്കി: അടിമാലി കൂമ്പന്‍പാറയിലെ മണ്ണിടിച്ചിലിന്‍റെ നടുക്കം മാറാതെ പ്രദേശവാസികൾ. ജനിച്ച് വളര്‍ന്ന വീടും പരിസരവും ഒറ്റ രാത്രികൊണ്ട് നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് അവര്‍. അപ്രതീക്ഷിതമായി നടന്ന ദുരന്തം പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഒറ്റ രാത്രി കൊണ്ട് വീട്ട് സാധനങ്ങളും കയ്യില്‍ പിടിച്ച് എങ്ങോട്ട് പോകുമെന്നറിയാതെ നില്‍ക്കുകയാണ് കുടുംബങ്ങള്‍. താന്‍ ജനിച്ച് വളര്‍ന്ന വീടിന്റെ പരിസരത്ത് മണ്ണ് അടിഞ്ഞു കൂടിയതിന്റെ ഞെട്ടൽ പങ്കുവെക്കുകയാണ് രണ്ടാം ക്ലാസുകാരി ഫെെഹ ഫാത്തിമ. തങ്ങൾ ഇനി എവിടെ പോകുമെന്നും പുതിയ വീട് പണിയാന്‍ കയ്യില്‍ പണമില്ലല്ലോ എന്നും വിഷമത്തോടെ അവൾ ചോദിക്കുന്നു.
'ഇന്നലെ ഞങ്ങളെല്ലാം ക്യാംപിലായിരുന്നു. എന്താ സംഭവിച്ചതെന്ന് എനിക്ക് അറിയില്ലായിരുന്നു. അച്ഛന്‍ വന്ന് ഇവിടെയൊക്കെ നോക്കി. ഞാന്‍ വിചാരിച്ചത് കുറച്ച് മണ്ണ് വീണു എന്നായിരുന്നു, പിന്നെ ഇവിടെ വന്ന് നോക്കിയപ്പോള്‍ കുറേ മണ്ണ് വീണിരിക്കുന്നു. എന്താ പറ്റിയതെന്ന് അറിയില്ല. ഞങ്ങള്‍ ക്യാംപിലാണ് കിടന്നത്. രാവിലെ എഴുന്നേറ്റ് വീട്ടിലേക്ക് വന്നു. എല്ലാ സാധനങ്ങളുമെടുത്ത് പോകണമെന്ന് പറയുമ്പോള്‍ ഞങ്ങള്‍ എങ്ങോട്ട് പോകും. ഞങ്ങള്‍ ജനിച്ച് വളര്‍ന്ന വീട് വിട്ട് പോകണമെന്ന് പറയുമ്പോള്‍ ഇനി എങ്ങോട്ട് പോകാനാ. ഞങ്ങളുടെ കയ്യില്‍ പൈസയില്ല, കൂലിപ്പണിയെടുത്താണ് ജീവിക്കുന്നത്.' പെണ്‍കുട്ടി പറഞ്ഞു.
'ഞങ്ങള്‍ കുറച്ച് മാറിയുള്ള ഫ്രണ്ടിന്റെ വീട്ടില്‍ പോയിരുന്നു. അവളുടെ വീട് മുഴുവന്‍ പൊളിഞ്ഞ് വീണിരിക്കുകയാണ്. എന്താ പറ്റിയതെന്ന് അറിയില്ല. ഇന്നലെ രാത്രി യൂട്യൂബില്‍ വാര്‍ത്ത കണ്ടിരുന്നു. നമ്മളുടെ വീട് ഇടിഞ്ഞ് വീണില്ല. പക്ഷെ എനിക്ക് അടുത്ത വീടൊക്കെ പോയത് കാണുമ്പോള്‍ വിഷമമാകുന്നത് പോലെ തോന്നുന്നു. നമ്മള്‍ സ്വന്തം കാര്യം മാത്രം നോക്കിയാല്‍ പോരല്ലോ. എല്ലാവരുടെയും കാര്യങ്ങള്‍ നോക്കണം. പണി നിര്‍ത്താന്‍ പറഞ്ഞാല്‍ കേള്‍ക്കില്ലല്ലോ, എവിടെ പോയി കിടക്കും ഞങ്ങളിനി. പുതിയ വീട്ടിലേക്ക് മാറണമെന്നുണ്ട് പക്ഷെ ഞങ്ങളുടെ കയ്യില്‍ പൈസയില്ലല്ലോ.' പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
'ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ തന്നെ ഞങ്ങള്‍ ക്യാംപിലേക്ക് മാറിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ കുറച്ച് കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ പൊലീസെത്തി വിള്ളല്‍ രൂക്ഷമാണ്, മാറണമെന്ന് പറഞ്ഞു. സ്ഥിതിഗതികള്‍ മനസിലാക്കുന്നതിനായി ഞങ്ങള്‍ കുറച്ച് ആളുകള്‍ വിള്ളലുണ്ടായ സ്ഥലത്തേക്ക് പോയി. ഞങ്ങള്‍ വിചാരിച്ചതിനെക്കാള്‍ രൂക്ഷമായിരുന്നു അവിടുത്തെ സ്ഥതി. ഏകദേശം രണ്ടാള്‍ പൊക്കത്തില്‍ വിള്ളലുണ്ടായിട്ടുണ്ട്. പിന്നീട് ഒന്നിനും സമയമുണ്ടായിരുന്നില്ല, ഞങ്ങള്‍ ക്യാംപിലേക്ക് മാറി. ക്യാംപിലെത്തി രണ്ട് മണിക്കൂര്‍ കഴിയുമ്പോളേക്കും ഇവിടെ മണ്ണിടിഞ്ഞതായി അറിഞ്ഞു. പിന്നെ ഞങ്ങള്‍ക്ക് എന്താ ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. ഇവിടെ വന്നപ്പോള്‍ ഇന്നലെ കണ്ട ആളുകളുടെ മരണ വാര്‍ത്തയാണ് അറിയുന്നത്.' പ്രദേശവാസിയായ യുവതി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
Content Highlight; little girls reaction on Adimali landslide