

ഇടുക്കി: അടിമാലിയിലെ മണ്ണിടിച്ചിലിൽ 45 കാരൻ മരിച്ചതിന് പിന്നാലെ ജില്ലയിലെ ദേശീയപാത നിർമ്മാണം താത്കാലികമായി നിർത്തിവെക്കാൻ കളക്ടറുടെ ഉത്തരവ്. അന്വേഷണത്തിനുള്ള പ്രത്യേക സംഘം രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാല് ദിവസത്തിനകം വിശദമായ റിപ്പോർട്ടും സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. പഠന റിപ്പോർട്ട് ലഭ്യമാകുന്നത് വരെ മണ്ണിടിച്ചിൽ ദുരന്ത സാധ്യതയുള്ള എൻഎച്ച് 85 ലെയും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെയും എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർക്കാണ് ജില്ലാ കളക്ടർ നിർദേശം നൽകിയത്. റോഡിലും വീടുകളിലേക്കും ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യുന്നതിന് ഉത്തരവിൽ അനുവാദം നൽകിയിട്ടുണ്ട്.
അപകടത്തിൽ മരിച്ച നെടുമ്പള്ളിക്കുടിയിൽ ബിജു(45) വിന്റെ സംസ്‌കാരം പൂർത്തിയായി. ഗുരുതരമായി പരിക്കേറ്റ ഭാര്യ സന്ധ്യയുടെ കാലിന്റെ ശസ്ത്രക്രിയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പൂർത്തിയായി. ഒമ്പത് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയക്ക് ശേഷം സന്ധ്യയെ ഐസിയുവിലേക്ക് മാറ്റി.
അതേസമയം അടിമാലിയിലെ മണ്ണിടിച്ചിലിൽ കൈകഴുകുന്ന സമീപനമാണ് ദേശീയ പാത അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായത്. അപകടമുണ്ടായ സ്ഥലത്ത് ദേശീയ പാതയുമായി ബന്ധപ്പെട്ട് ഒരു നിർമാണവും നടന്നിട്ടില്ലെന്നും അപകടത്തിൽ മരിച്ച ബിജുവും ഭാര്യ സന്ധ്യയും വ്യക്തിപരമായ ആവശ്യത്തിനായി വീട്ടിൽ എത്തിയപ്പോഴാണ് മണ്ണിടിച്ചിലുണ്ടായതെന്നും എൻഎച്ച്എഐ വാർത്താകുറിപ്പിൽ വ്യക്തമാക്കി. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നതായും ദേശീയ പാത അതോറിറ്റി അറിയിച്ചു. ദേശീയപാത 85 ന്റെ നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായ അശാസ്ത്രീയ മണ്ണെടുപ്പാണ് അപകടത്തിന് കാരണമെന്ന ആരോപണം നിലനിൽക്കവെയാണ് എൻഎച്ച്എഐയുടെ ഈ വിശദീകരണം.
Content Highlights: Adimali landslide; Collector orders to stop construction of national highway