

മലപ്പുറം: പി എം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചത് ഗൗരവമേറിയ വിഷയമാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇത് ചെറിയകാര്യമല്ല. ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്ന എൻഇപിയിലേക്ക് സർക്കാർ മാറിയത് ഗൗരവമേറിയ വിഷയമാണ്. അത് ഒരിക്കലും അംഗീകരിക്കാനാവില്ല. ദീർഘകാലത്തേക്കുള്ള കേന്ദ്ര സർക്കാരിന്റെ അജണ്ടയാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗാന്ധിവധത്തെയടക്കം തമസ്‌കരിക്കുന്നവരാണ് ആർഎസ്എസ്. അത്തരം വീക്ഷണങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതാണ് എൻഇപി. അതുകൊണ്ടാണ് തമിഴ്‌നാട് ഇതിനെ എതിർത്തതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്രത്തിൽനിന്നുള്ള ഫണ്ടിനുവേണ്ടിയാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചത് എന്നകാര്യം വിശ്വസനീയമല്ല. എൽഡിഎഫിലെ ഘടകക്ഷികൾ പോലും അന്ധാളിപ്പിലാണ്. എന്തുകൊണ്ട് നിലപാടിൽ അട്ടിമറി നടന്നുവെന്ന് ആർക്കും മനസിലായിട്ടില്ല. ഭരണകക്ഷിക്ക് പോലും ഇക്കാര്യത്തിൽ വ്യക്തതയില്ല- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഒരു ബിജെപി ഇതര സർക്കാരും നേരെ ചെന്ന് പദ്ധതിയിൽ ഒപ്പുവെച്ചിട്ടില്ല. ഫണ്ട് കേന്ദ്രത്തിന്റെ ഔദാര്യമല്ല. ഫണ്ട് കിട്ടുമെന്ന് കരുതി കുട്ടികളെ എന്തും പഠിപ്പിക്കാമെന്നാണോ കരുതുന്നത്. സർക്കാരിന്റെ അവസാന കാലത്ത് എന്തിന് ഇത് ചെയ്തു എന്നതാണ് ആശ്ചര്യം. സിപിഐ നിലപാട് പറഞ്ഞാൽ കൂടുതൽ കാര്യങ്ങൾ പറയാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Content Highlights: PK Kunhalikutty says that the signing of the PM Shri project is a serious matter