

തിരുവനന്തപുരം: പിഎം ശ്രീയില്‍ അനുനയത്തിന് തയാറെടുത്ത് സിപിഐ. കടുത്ത തീരുമാനങ്ങളിലേക്ക് സിപിഐ പോകുന്നില്ലെന്നാണ് സൂചന. മന്ത്രിമാരെ പിന്‍വലിച്ചേക്കില്ലെന്നും എന്നാല്‍ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നുമാണ് വിവരം. ഇടതുമുന്നണിയുടെ രാഷ്ട്രീയ ഭാവിയെക്കരുതി മന്ത്രിമാരെ പിന്‍വലിക്കേണ്ടെന്നാണ് തീരുമാനം. സിപിഐഎമ്മിന്റെ വിശദീകരണം കേള്‍ക്കാനാണ് സിപിഐ തീരുമാനം.
സിപിഐയെ അനുനയിപ്പിക്കാനാണ് സിപിഐഎം നീക്കം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി സംസാരിച്ചു. കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ടു എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
കൂടിയാലോചനകളില്ലാതെ പിഎം ശ്രീയില്‍ ഒപ്പുവെച്ചതില്‍ സിപിഐക്ക് കടുത്ത അതൃപ്തിയാണുള്ളത്. മുന്നണി മര്യാദയുടെ ലംഘനമാണ് നടപടിയെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. ഇടതുമുന്നണി പോകേണ്ട വഴി ഇതല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. ഈ നിലയില്‍ മുന്നണിയില്‍ തുടരാന്‍ കഴിയുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് സംസ്ഥാന കമ്മിറ്റി കൂടുന്നുണ്ടെന്നും അതിന് ശേഷം പ്രതികരിക്കാമെന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്.
സിപിഐയുടെയും സിപിഐഎമ്മിന്റെയും നയത്തിന് വിരുദ്ധമാണ് പിഎം ശ്രീയില്‍ ഒപ്പുവെച്ചതെന്ന് മുതിര്‍ന്ന സിപിഐ നേതാവ് പ്രകാശ് ബാബുവും പ്രതികരിച്ചിരുന്നു.
അതേസമയം, അവസരം കണക്കിലെടുത്ത് മുന്നണിയില്‍ ഇടഞ്ഞുനില്‍ക്കുന്ന സിപിഐയെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് സ്വാഗതം ചെയ്തു. സിപിഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ യുഡിഎഫിലേക്ക് വരണമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തയ്യാറെങ്കില്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
സിപിഐയുമായുള്ള ചര്‍ച്ചകള്‍ പലരീതിയില്‍ പലവട്ടം നടന്നിട്ടുള്ളതാണെന്നും ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ബിനോയ് വിശ്വത്തെ കണ്ടില്ല. അദ്ദേഹം തയ്യാറാണെങ്കില്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണ്. ബിനോയ് വിശ്വവുമായി മുന്നണി പ്രവേശനം ചര്‍ച്ച ചെയ്തിട്ടില്ല. മറ്റു പലയാളുകളുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് വിശദീകരിച്ചു.
Content Highlights: cpi's stand on pm shri project