

ഓസ്‌ട്രേലിയയ്‌ക്കെതിരെ വീണ്ടും നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്‌ലി. തുടർച്ചയായ രണ്ടാം ഏകദിനത്തിലും കോഹ്‌ലി പൂജ്യത്തിനാണ് ഇന്ത്യയുടെ മുൻ നായകൻ പുറത്തായത്. അഡ്‌ലെയ്ഡിലെ രണ്ടാം ഏകദിനത്തിൽ വെറും നാല് പന്തുകൾ നേരിട്ട കോഹ്‌ലിയെ സേവ്യർ ബാർട്ട്ലെറ്റ് എൽ ബി ഡബ്ള്യുവിൽ കുരുക്കുകയായിരുന്നു. പെർത്തിൽ നടന്ന ഒന്നാം ഏകദിനത്തിൽ എട്ട് പന്തുകൾ നേരിട്ട താരം മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ കൂപ്പർ കോണോളിക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്.
കോഹ്‌ലി തുടർച്ചയായ രണ്ട് തവണയും ഡക്കായി പുറത്തായതിന് പിന്നാലെ താരത്തിന്റെ ജീവിതപങ്കാളിയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയ്ക്കെതിരെ സൈബർ ആക്രമണം നടക്കുകയാണ്. 'വിരാട് കോഹ്‌ലിയുടെ പരാജയത്തിന് പിന്നിലെ കാരണം അനുഷ്ക ശർമയാണ്', 'തെറ്റായ പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഒരു കരിയർ നശിപ്പിക്കുമെന്നതിന്റെ ഉദാഹരണമാണ് വിരാട്' എന്നിങ്ങനെയെല്ലാം അനുഷ്ക ശർമയ്ക്കെതിരായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിലുണ്ട്.
എന്നാൽ സൈബർ ആക്രമണത്തിൽ അനുഷ്കയെ പിന്തുണച്ചും ആരാധകർ രംഗത്തുണ്ട്. 'തങ്ങളുടെ പ്രിയപ്പെട്ട താരം മോശം പ്രകടനം കാഴ്ച വെച്ചാൽ ഏതെങ്കിലും സ്ത്രീയെ പഴിക്കുന്നത് പുരുഷന്മാരുടെ ഈഗോയാണ്', 'അനുഷ്കയെ കുറ്റപ്പെടുത്തുന്ന കോഹ്‌ലി ആരാധകരെ ഓർത്ത് നാണക്കേട് തോന്നുന്നുണ്ട്' എന്നാണ് അനുഷ്കയെ പിന്തുണച്ചുള്ള കമന്റുകൾ.
ഇതാദ്യമായല്ല വിരാട് കോഹ്‌ലിയുടെ മോശം പ്രകടനത്തിൽ അനുഷ്ക ശർമയ്ക്കെതിരെ സൈബർ ആക്രമണം നടക്കുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിച്ചതുമുതൽ നടിക്കെതിരെയുള്ള സൈബര്‍ ആക്രമണം തുടങ്ങിയതാണ്. 2015ലെ ലോകകപ്പില്‍ കോഹ്‌ലിയുടെ മോശം പ്രകടനത്തിന്റെയും ഇന്ത്യയുടെ തോല്‍വിയുടെയും ഉത്തരവാദിത്തം അനുഷ്‌കയ്ക്കാണെന്ന് പറഞ്ഞ് ആരാധകര്‍ നടിയുടെ കോലം കത്തിച്ചിരുന്നു. 2018ല്‍ ഇരുവരുടെയും വിവാഹത്തിന് ശേഷം കേപ് ടൗണില്‍ നടന്ന ദക്ഷിണാഫ്രിക്ക - ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ആദ്യ ഇന്നിങ്സില്‍ കോഹ്ലിക്ക് സ്കോർ ചെയ്യാനായില്ല. അതിനും പഴികേട്ടത് അനുഷ്‌ക ശര്‍മയാണ്. സൈബര്‍ ഇടങ്ങളില്‍ അനുഷ്‌ക ശര്‍മ ക്രൂരമായ ട്രോളിങ്ങിന് ഇരയായി. ഈ അവസരങ്ങളിലെല്ലാം അനുഷ്‌കയെ പിന്തുണച്ചുകൊണ്ട് വിരാട് സംസാരിച്ചെങ്കിലും നെറ്റിസൺസ് പരിഹാസം അവസാനിപ്പിച്ചിരുന്നില്ല.

നിരന്തരം സൈബര്‍ ആക്രമണവും ട്രോളുകളും നേരിടേണ്ടി വന്നിട്ടും അനുഷ്‌ക കോഹ്ലിയെ പിന്തുണയ്ക്കാൻ ഗ്യാലറിയിലെത്തുന്നത് അവസാനിപ്പിച്ചില്ല. കോഹ്‌ലി പരാജയപ്പെടുമ്പോള്‍ നിരാശയാവുകയും വിജയങ്ങളില്‍ സന്തോഷിക്കുകയും ചെയ്യുന്ന അനുഷ്ക സോഷ്യൽ മീഡിയയുടെയും ആരാധകരുടെയും ശ്രദ്ധ നേടാറുണ്ട്. ആര്‍സിബിയുടെ കിരീടനേട്ടത്തിന് ശേഷം സംസാരിക്കുമ്പോഴും വിരാട് എടുത്ത് പറഞ്ഞത് അനുഷ്‌ക നേരിട്ടിരുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചാണ്.
Content Highlights: Anushka Sharma faces online trolling after Virat Kohli’s Twin ducks against Australia