'മര്യാദകേട്'; ദ്രൗപതി മുർമുവിന്റെ കൊച്ചിയിലെ പരിപാടിയിൽ നിന്ന് മേയറെ ഒഴിവാക്കി, അറിയുന്നത് പരസ്യംകണ്ട്

വളരെ മോശമായ സമീപനമാണ് ഉണ്ടായിരിക്കുന്നതെന്ന് മേയര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു

'മര്യാദകേട്'; ദ്രൗപതി മുർമുവിന്റെ കൊച്ചിയിലെ പരിപാടിയിൽ നിന്ന് മേയറെ ഒഴിവാക്കി, അറിയുന്നത് പരസ്യംകണ്ട്
dot image

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ കൊച്ചിയിലെ പരിപാടിയില്‍ നിന്നും മേയര്‍ അനില്‍ കുമാറിനെ ഒഴിവാക്കി. സെന്റ് തെരേസാസ് കോളേജിന്റെ ശദാബ്ദി ആഘോഷത്തില്‍ നിന്നാണ് അനില്‍ കുമാറിനെ ഒഴിവാക്കിയത്. രാഷ്ട്രപതിഭവന്‍ പ്രോട്ടോകോള്‍ പ്രകാരം നല്‍കിയ പട്ടികയില്‍ നിന്നാണ് മേയറുടെ പേര് വെട്ടിയത്. സ്വാഗതപ്രസംഗത്തില്‍ മേയറുടെ പേര് പരാമര്‍ശിച്ചെങ്കിലും അനില്‍ കുമാര്‍ പരിപാടിയില്‍ നിന്നും വിട്ടുനിന്നു.

വളരെ മോശമായ സമീപനമാണ് ഉണ്ടായിരിക്കുന്നതെന്ന് മേയര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. പേര് ഒഴിവാക്കിയെങ്കില്‍ സാമാന്യ മര്യാദയെന്ന നിലയില്‍ അറിയിക്കണമായിരുന്നുവെന്നും അനില്‍ കുമാര്‍ പറഞ്ഞു. രാവിലെ ദിനപത്രത്തില്‍ വന്ന പരസ്യം കണ്ടാണ് തന്നെ ഒഴിവാക്കിയതായി മേയർ അറിഞ്ഞത്. തുടര്‍ന്ന് കോളേജിനെ ബന്ധപ്പെടുകയായിരുന്നു. കോളേജ് അധികൃതരും ഇക്കാര്യം അറിഞ്ഞിരുന്നില്ല.

പത്രത്തിലെ പരസ്യത്തില്‍ ഫോട്ടോയില്ലല്ലോയെന്ന് ചോദിച്ചപ്പോള്‍ 'മേയര്‍ പരിപാടിക്ക് വരണമെന്നും ചിത്രമില്ലാത്തത് അബദ്ധം പറ്റിയതാണ്' എന്നുമായിരുന്നു മറുപടി. അങ്ങനെ പാടില്ലാത്തതല്ലേയെന്ന് പറഞ്ഞപ്പോള്‍ അന്വേഷിച്ച് തിരിച്ച് വിളിക്കാമെന്ന് അധികൃതര്‍ പറയുകയായിരുന്നു. പിന്നീടാണ് രാഷ്ട്രതിയുടെ ഓഫീസ് പേര് ഒഴിവാക്കിയെന്ന് കോളേജ് അധികൃതര്‍ അറിയിച്ചത്.

സാമാന്യമര്യാദയില്ലാത്ത നടപടിയാണ് രാഷ്ട്രപതി ഭവന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ഒഴിവാക്കുകയാണെങ്കില്‍ അറിയിക്കാമായിരുന്നുവെന്നും എ പി അനില്‍കുമാര്‍ അതൃപ്തി പ്രകടിപ്പിച്ചു. നേരത്തെ പ്രധാനമന്ത്രി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ പരിപാടിക്കെത്തിയപ്പോഴും ഒഴിവാക്കിയതായി അനില്‍ കുമാര്‍ സൂചിപ്പിച്ചു.

Content Highlights: Mayor anilkumar excluded from Draupadi Murmu's event in Kochi

dot image
To advertise here,contact us
dot image