

തിരുവനന്തപുരം: സിപിഐ എതിര്‍പ്പ് വകവെക്കാതെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. അച്യുതമേനോന്റെ, സി കെ ചന്ദ്രപ്പന്റെ, വെളിയം ഭാര്‍ഗവന്റെ പാര്‍ട്ടിക്ക് ഇങ്ങനെയൊരു ഗതികേടിന്റെ ആവശ്യമുണ്ടോയെന്ന് അബിന്‍ ചോദിച്ചു.
'കാക്ക കാലിന്റെ പോലും തണല്‍ ഇല്ലാത്ത രക്തഗന്ധം വമിക്കുന്ന ആ ശ്മശാന ഭൂമിയില്‍ നിന്നും ജീര്‍ണ്ണതയുടെ അഴുകിയ വസ്ത്രങ്ങള്‍ അഴിച്ച് വച്ച് പ്രതീക്ഷയുടെ പുത്തന്‍ വസ്ത്രങ്ങള്‍ അണിയാന്‍ നിങ്ങള്‍ തയ്യാറാകണം. '
വിജയന്‍ മാഷ്
കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളായിരുന്ന സി അച്യുതമേനോന്റെ പാര്‍ട്ടിക്ക്, നിലപാടുകളിലൂടെ സിപിഐയെ വാനോളം ഉയര്‍ത്തിയ സി കെ ചന്ദ്രപ്പന്റെ പാര്‍ട്ടിക്ക് , ആദര്‍ശത്തിലൂടെ പാര്‍ട്ടിയെ നയിച്ച വെളിയം ഭാര്‍ഗവന്റെ പാര്‍ട്ടിക്ക് ഇങ്ങനെയൊരു ഗതികേടിന്റെ ആവശ്യമുണ്ടോ?', അബിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേ സമയം പിഎം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതില്‍ മുന്നണിയില്‍ ഇടഞ്ഞുനില്‍ക്കുന്ന സിപിഐയെ യുഡിഎഫിലേക്ക് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് സ്വാഗതം ചെയ്തു. സിപിഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ യുഡിഎഫിലേക്ക് വരണമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തയ്യാറെങ്കില്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
'സിപിഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ യുഡിഎഫിലേക്ക് വരണം. യുഡിഎഫ് കണ്‍വീനര്‍ ആയ നാള്‍ മുതല്‍ അഭിപ്രായം തുറന്നുപറഞ്ഞിട്ടുണ്ട്. പഴയകാര്യങ്ങള്‍ കൂടി ചിന്തിച്ചുകൊണ്ടായിരിക്കണം വരേണ്ടത്. അച്യുതമേനോന് മുഖ്യമന്ത്രിയാകാന്‍ അവസരം ഒരുക്കിയത് യുഡിഎഫ് സംവിധാനത്തിലൂടെയാണ് എന്ന് ഓര്‍ക്കണം എന്ന് ഓര്‍മ്മിപ്പിക്കുകയുണ്ടായി. സിപിഐയുടെ നിരവധിയാളുകള്‍ എന്നെ ബന്ധപ്പെടുകയുണ്ടായി. വന്നാല്‍ സ്വാഗതം ചെയ്യും', അടൂര്‍ പ്രകാശ് പറഞ്ഞു.
സിപിഐയുമായുള്ള ചര്‍ച്ചകള്‍ പലരീതിയില്‍ പലവട്ടം നടന്നിട്ടുള്ളതാണെന്നും ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ബിനോയ് വിശ്വത്തെ കണ്ടില്ല. അദ്ദേഹം തയ്യാറാണെങ്കില്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണ്. ബിനോയ് വിശ്വവുമായി മുന്നണി പ്രവേശനം ചര്‍ച്ച ചെയ്തിട്ടില്ല. മറ്റു പലയാളുകളുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് വിശദീകരിച്ചു.