

മലയാള സിനിമ ഇൻഡസ്ട്രിയിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ദുൽഖർ സൽമാൻ നിർമിച്ച ലോക. ആഗോളതലത്തിൽ 300 കോടിയിലധികം രൂപയാണ് ഇതുവരെ ചിത്രം നേടിയത്. കൂടാതെ നിരവധി റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ഈ സിനിമ മുന്നേറികൊണ്ടിരുന്നത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി സ്ട്രീമിങ് തിയതി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജിയോ ഹോട്ട്സ്റ്റാറിലൂടെ സിനിമ ഒക്ടോബർ 31 ന് തിയേറ്ററിൽ എത്തും. ഒടിടിയിലും സിനിമയ്ക്ക് മികച്ച അഭിപ്രായം നേടാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
മലയാളം ഇൻഡസ്ട്രി ഹിറ്റ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തിയ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്നിങ്ങനെ നിരവധി റെക്കോർഡുകളാണ് ലോക നേടിയിരിക്കുന്നത്.
The world of Lokah unfolds exclusively on JioHotstar, streaming from October 31st.@JioHotstarMal#Lokah #TheyLiveAmongUs@DQsWayfarerFilm @dulQuer @dominicarun@NimishRavi@kalyanipriyan@naslen__ @jakes_bejoy @chamanchakko @iamSandy_Off @santhybee @AKunjamma pic.twitter.com/dAklmsFR1M
— Wayfarer Films (@DQsWayfarerFilm) October 24, 2025
കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ കണ്ട നാലാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ലോക. 1.18 കോടി ജനങ്ങളാണ് ചിത്രം ഇതുവരെ തിയേറ്ററിൽ കണ്ടത്. മോഹൻലാൽ ചിത്രമായ പുലിമുരുകൻ, മഞ്ഞുമ്മൽ ബോയ്സ്, തുടരും എന്നീ സിനിമകളാണ് ഈ ലിസ്റ്റിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള സിനിമകൾ. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
Content Highlights: lokah ott streaming date announced