
ഇടുക്കി: ഇടുക്കി ഗവ. നഴ്‌സിങ് കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് സമരം നടത്തിയ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സമരം ചെയ്ത് ഭാവി കളയരുതെന്ന് കുട്ടികളോട് സ്‌നേഹത്തോടെ പറയുകയാണ് ചെയ്തതെന്നും സി വി വര്‍ഗീസ് പറഞ്ഞു.
ഹോസ്റ്റലില്‍ ഒരു രൂപ പോലും നല്‍കാനാകില്ലെന്ന് പിടിഎ അംഗം പറഞ്ഞപ്പോള്‍ തര്‍ക്കമുണ്ടായെന്നും ഭീഷണിപ്പെടുത്തിയാല്‍ അത് തുറന്നുപറയുന്നതിന് ഒരു മടിയുമില്ലെന്നും സി വി വര്‍ഗീസ് പറഞ്ഞു. നഴ്‌സിങ് കോളേജ് മാറ്റാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സി വി വര്‍ഗീസ് ആരോപിച്ചു. 'ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരുവിഭാഗം ഉദ്യോഗസ്ഥരും അധ്യാപകരും പിടിഎ അംഗങ്ങളുമാണ്. ഓഫീസില്‍ വന്ന് ഒപ്പിട്ടു മടങ്ങുന്നവര്‍ക്ക് കോളേജ് മാറ്റണമെന്നാണ് ആഗ്രഹം': സി വി വര്‍ഗീസ് പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എംപി ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നും സമരം ചെയ്യുന്ന കെഎസ്‌യുക്കാര്‍ ആദ്യം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇരകള്‍ക്ക് നീതി വാങ്ങി നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടുക്കി ഗവ. നഴ്‌സിങ് കോളേജിലെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് സിപിഐഎം ജില്ലാ സെക്രട്ടറിക്കെതിരെ കെഎസ്‌യു ഇന്നലെ പരാതി നല്‍കിയിരുന്നു. സി വി വര്‍ഗീസിനെതിരെ കേസെടുക്കണമെന്നായിരുന്നു കെഎസ്‌യുവിന്റെ ആവശ്യം. ജില്ലാ കളക്ടറുടെ ഓഫീസില്‍ ചേരേണ്ട യോഗം ചേര്‍ന്നത് വര്‍ഗീസിന്റെ ഓഫീസിലാണെന്നും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും മൊഴിയെടുക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കായിരുന്നു കെഎസ്‌യു പരാതി നല്‍കിയത്.
അടിസ്ഥാന സൗകര്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്ത വിദ്യാര്‍ത്ഥികളെ സി വി വർഗീസ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. 'വേണേല്‍ പഠിച്ചാല്‍ മതി, കൊണ്ടുവന്ന കോളേജ് പൂട്ടിക്കാനും ഞങ്ങള്‍ക്കറിയാം' എന്ന് സി വി വർഗീസ് പറഞ്ഞതായായിരുന്നു വിമർശനം. വിദ്യാര്‍ത്ഥികളുടെയും പിടിഎ പ്രതിനിധികളുടെയും യോഗത്തിലായിരുന്നു സംഭവം. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു യോഗം ചേർന്നത്.
പൈനാവിലുളള ഹോസ്റ്റല്‍ വിട്ടുകിട്ടണമെന്ന വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യത്തിന് ജില്ലാ സെക്രട്ടറിയുടെ മറുപടി 'നിങ്ങള്‍ എത്ര സമരം ചെയ്താലും ഒരു പ്രയോജനവുമില്ല. ഞങ്ങളുടെ സര്‍ക്കാരാണ് നഴ്‌സിംഗ് കോളേജ് കൊണ്ടുവന്നതെങ്കില്‍ അത് ഇല്ലാതാക്കാനും ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ഒരുക്കിത്തരുന്ന താമസസൗകര്യത്തില്‍ താമസിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നഴ്‌സിംഗ് കോളേജ് പാര്‍ട്ടിക്കാര്‍ വേണ്ടെന്നുവയ്ക്കും' എന്നായിരുന്നു. പിടിഎക്കാര്‍ പറയുന്നത് കേട്ട് തുളളാന്‍ നിന്നാല്‍ രണ്ടുവര്‍ഷം പോയിക്കിട്ടുമെന്നും നഷ്ടം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കുമെന്നും വര്‍ഗീസ് പരിഹസിച്ചു. എന്ത് സമരം ചെയ്താലും ഒരു നടപടിയും ഉണ്ടാകില്ലെന്ന് അദ്ദേഹം കടുപ്പിച്ച് പറഞ്ഞെന്നും വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ പിടിഎ അംഗത്തോട് 'എന്നെ ശരിക്കും അറിയുമോ' എന്ന് ഭീഷണി മുഴക്കിയെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞിരുന്നു.
Content Highlights: Didnt threaten, just adviced students: cv varghese explanation in idukki nursing college protest