നെയ്യാറ്റിൻകരയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവം: ജോസ് ഫ്രാങ്ക്‌ളിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നടപടിയെന്ന് കെപിസിസി അധ്യക്ഷൻ അറിയിച്ചു

നെയ്യാറ്റിൻകരയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവം: ജോസ് ഫ്രാങ്ക്‌ളിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു
dot image

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ നഗരസഭാ കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്. തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്‌ളിനെയാണ് ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തത്. ജോസ് ഫ്രാങ്ക്‌ളിനെ സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പില്‍ ജോസ് ഫ്രാങ്ക്‌ളിന്റെ പേരുണ്ടായിരുന്നു. തന്നെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു കുറിപ്പില്‍ പറഞ്ഞിരുന്നത്.

ജോസ് ഫ്രാങ്ക്ളിൻ ലൈംഗികമായി ഉപദ്രവിച്ചുവെന്നും വീട്ടമ്മ ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിരുന്നു. മകനും മകൾക്കും വേണ്ടി പ്രത്യേകം കത്തെഴുതിവെച്ചാണ് അവർ ജീവനൊടുക്കിയത്. ഇതിൽ മകനെഴുതിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. 'ഞാൻ ആത്മഹത്യ ചെയ്യുകയാണ്. അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല. ഞാൻ അവന്റെ വെപ്പാട്ടി ആകണമെന്നാണ് പറയുന്നത്. കടം തീർക്കാൻ ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് കുറച്ച് ബില്ലുകൾ കൊടുക്കാൻ പറഞ്ഞു. ബില്ല് കൊടുക്കാൻ പോയപ്പോൾ ഓഫീസില്‍വെച്ച് എന്റെ കൈ പിടിച്ച് ഇഷ്ടമാണെന്നും കൂടെ നിൽക്കണമെന്നും വിളിക്കുമ്പോഴെല്ലാം പോകണമെന്നും പറഞ്ഞു. ആഴ്ച്ചയിലൊരിക്കൽ എവിടെയെങ്കിലും കാണാമെന്നും പറഞ്ഞു. സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. ഒരു കൗണ്‍സിലര്‍ എന്ന നിലയില്‍ ആവശ്യങ്ങൾക്കു പോയാൽ ഇങ്ങനെയൊക്കെയാണ്. ഭർത്താവില്ല എന്ന് കരുതി ഇങ്ങനെയൊക്കെ ചെയ്യാമോ? എനിക്ക് ഇങ്ങനെ വൃത്തികെട്ട് ജീവിക്കണ്ട. അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല. ഇനി എനിക്ക് ജീവിക്കണ്ട': എന്നാണ് വീട്ടമ്മ കുറിപ്പിൽ പറഞ്ഞത്.

വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തിരുന്നു.  ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഏറെ നാളായി ജോസ് ഫ്രാങ്ക്‌ളിന്‍ അമ്മയെ ബുദ്ധിമുട്ടിച്ചിരുന്നതായും രാത്രി വൈകിയും ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും മകനും ആരോപിച്ചിരുന്നു. കേസിൽ ഇയാൾക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. പൊളളലേറ്റ നിലയിലായിരുന്നു വീട്ടമ്മയെ കണ്ടെത്തിയത്. വീട്ടിലെ പാചകവാതക സിലിണ്ടറിൽ നിന്ന് ഇന്ധനം ചോർന്ന് മരിച്ചതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. കുറിപ്പ് കണ്ടെത്തിയതോടെയാണ് ജീവനൊടുക്കിയതാണെന്ന് സ്ഥിരീകരിച്ചത്. മൂന്നുമാസം മുൻപ് ഈ വീട്ടമ്മ ഒരു ബേക്കറി ആരംഭിച്ചിരുന്നു. ജോസ് ഫ്രാങ്ക്ളിൻ പ്രസിഡന്റ് ആയ സൊസൈറ്റി വഴിയാണ് അവർ വായ്പ്പയ്ക്ക് ശ്രമിച്ചിരുന്നത്.

Content Highlights: Housewife's suicide incident in Neyyattinkara: Jose Franklin suspended from Congress

dot image
To advertise here,contact us
dot image