
നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് അതിരടി. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ് എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ടൈറ്റിൽ ടീസർ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ആവേശത്തോടെയാണ് ആരാധകർ ഈ വീഡിയോയെ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴിതാ 8 വർഷം മുന്നേ ഒരു അഭിമുഖത്തിൽ ടൊവിനോയും ബേസിലും പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്.
'ഇവൻ ഇനി വലിയ സ്റ്റാർ ആയി കഴിഞ്ഞാൽ ഡേറ്റ് ഒന്നും കിട്ടില്ല' എന്നാണ് ബേസിൽ അഭിമുഖത്തിൽ പറയുന്നത്. ഇതിന് മറുപടിയായി 'അങ്ങനെ ഒന്നുമില്ലടാ നീ 2025 ന്റെ പകുതിയോടെ ഒരു ആക്ഷൻ പടമായി വാ' എന്നാണ് ടൊവിനോ പറയുന്നത് ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാക്കുകയാണ്. ബേസിൽ ആക്ഷൻ പടമായി വന്നു ടൊവിനോ പറഞ്ഞ വാക്ക് പാലിച്ചുവെന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകൾ.
അതേസമയം, മിന്നൽ മുരളി, പടയോട്ടം തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ അരുൺ അനിരുദ്ധൻ ആണ് അതിരടി ചിത്രം സംവിധാനം ചെയ്യുന്നത്. ഡോക്ടർ അനന്തു എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഡോക്ടർ അനന്തുവിനൊപ്പം ചേർന്നാണ് ബേസിൽ ജോസഫ് ആദ്യ ചിത്രം നിർമ്മിക്കുന്നത്. ബേസിലിന്റെ നിർമാണ കമ്പനിയായ 'ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ' ആദ്യ സിനിമ കൂടിയാണിത്. കോളേജ് പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്.
സമീർ താഹിറും ടൊവിനോ തോമസുമാണ് സിനിമയുടെ സഹനിർമാതാക്കൾ. ചമൻ ചാക്കോ ആണ് സിനിമയുടെ എഡിറ്റർ. ഇനി വരാൻ പോകുന്നത് വെറും അടിയല്ല, അതിരടി ആണെന്ന ഡയലോഗും ഒരു കിടിലൻ തിയേറ്റർ അനുഭവം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് "അതിരടി" ടീമെന്ന പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. കാഴ്ചയിലും സ്വഭാവത്തിലും വ്യത്യസ്ത ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെയാണ് മൂവരും അവതരിപ്പിക്കുന്നതെന്നും ടീസറിൽ വ്യക്തമാക്കുന്നുണ്ട്. ബ്രഹ്മാണ്ഡ തെന്നിന്ത്യൻ ചിത്രങ്ങളുടെ ടൈറ്റിൽ അനൗൺസ്മെന്റ് ടീസറിനെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് അതിരടി ടീസർ. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ടീസറും പുറത്തിറങ്ങിയിട്ടുണ്ട്.
Content Highlights: Tovino keeps his promise to Basil eight years ago, video goes viral