ജി സുധാകരൻ എന്റെ നേതാവാണ്, ഉപദേശിക്കാൻ ഞാൻ ആളല്ല, എന്തെങ്കിലുമുണ്ടെങ്കിൽ സംസാരിച്ച് തീർത്തോളാം: സജി ചെറിയാൻ

'മാധ്യമങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കരുത്. സുധാകരന്‍ സാര്‍ മുന്‍നിരയില്‍ നിന്നുതന്നെ പാര്‍ട്ടിയെ നയിക്കും': സജി ചെറിയാൻ പറഞ്ഞു

ജി സുധാകരൻ എന്റെ നേതാവാണ്, ഉപദേശിക്കാൻ ഞാൻ ആളല്ല, എന്തെങ്കിലുമുണ്ടെങ്കിൽ സംസാരിച്ച് തീർത്തോളാം: സജി ചെറിയാൻ
dot image

ആലപ്പുഴ: ജി സുധാകരന്‍ തന്റെ നേതാവാണെന്ന് മന്ത്രി സജി ചെറിയാന്‍. ജി സുധാകരന്‍ തന്നെ വിമര്‍ശിച്ചിട്ടില്ലെന്നും സുധാകരന്‍ സഖാവിന് തന്നെക്കുറിച്ച് ഒരു തെറ്റിദ്ധാരണയുമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. 'അദ്ദേഹം എന്റെ നേതാവാണ്. സുധാകരന്‍ സാറിന് എന്നെക്കുറിച്ച് ഒരു തെറ്റിദ്ധാരണയുമില്ല. ഞാന്‍ ഒന്നും ഉപദേശിച്ചിട്ടില്ല. ഉപദേശിക്കാന്‍ ഞാന്‍ ആളല്ല. മാധ്യമങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കരുത്. സുധാകരന്‍ സാര്‍ മുന്‍നിരയില്‍ നിന്നുതന്നെ പാര്‍ട്ടിയെ നയിക്കും. എന്തെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ പറഞ്ഞുതീര്‍ത്തോളാം': സജി ചെറിയാന്‍ പറഞ്ഞു.

പാര്‍ട്ടിയുമായി ചേര്‍ന്നുപോകണം എന്ന മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ജി സുധാകരന്‍ നടത്തിയത്. താന്‍ പാര്‍ട്ടിയോട് ചേര്‍ന്നല്ല പാര്‍ട്ടിക്ക് അകത്താണ് നില്‍ക്കുന്നതെന്നും സജി ചെറിയാന്‍ തന്നെ ഉപദേശിക്കാന്‍ വരേണ്ട എന്നുമാണ് ജി സുധാകരന്‍ പറഞ്ഞത്. ഉന്നതസ്ഥാനത്ത് എത്തിയിട്ടും മാര്‍ക്‌സിസ്റ്റ് ശൈലിയിലും സംഘടനാ ശൈലിയിലും പറയാന്‍ സജി ചെറിയാന് കഴിയുന്നില്ലെന്നും മന്ത്രിസഭയില്‍ നിന്ന് മാറ്റിയ ആളാണ് തന്നെ ഉപദേശിക്കാന്‍ വരുന്നതെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.

 പ്രായപരിധിയുടെ പേരില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിനുപിന്നാലെ ജി സുധാകരന്‍ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിനെതിരെ പരോക്ഷ വിമർശനവുമായി എം എ ബേബിയും രംഗത്തെത്തിയിരുന്നു. പുതിയ തലമുറയെ വളര്‍ത്തിക്കൊണ്ടുവരാനാണ് സ്ഥാനങ്ങള്‍ ഒഴിഞ്ഞുകൊടുക്കുന്നതെന്നും പ്രായപരിധിയില്‍ നിന്നും ഒഴിവാക്കപ്പെട്ടവര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോവുകയല്ലെന്നും നേതൃത്വത്തില്‍ നിന്നും ഒഴിയുന്നു എന്നേയുളളുവെന്നും എംഎ ബേബി പറഞ്ഞു.


'പുതിയ തലമുറ വിവിധ കമ്മിറ്റികളില്‍ വരണം എന്നതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി പ്രായം മാനദണ്ഡമായി കൊണ്ടുവന്നത്. അടിച്ചമര്‍ത്തപ്പെട്ടവരെയും അവഗണിക്കപ്പെട്ടവരെയും കൂടെനിര്‍ത്താന്‍ കഴിയണം. സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചല്ല. പ്രസ്ഥാനത്തിന്റെ ബല ദൗര്‍ബല്യങ്ങളെക്കുറിച്ച് ചിന്തിക്കണം. ഒഴിഞ്ഞ് കൊടുക്കുന്നവര്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തനം തുടരാം. അതിന് ഉദാഹരണമാണ് എസ്ആര്‍പി.': എംഎ ബേബി പറഞ്ഞു.

Content Highlights: G Sudhakaran is my leader, we will resolve issues by talking: Saji Cherian

dot image
To advertise here,contact us
dot image