
ദീപാവലി ആഘോഷ നിറവില്‍ അബുദബി ഹിന്ദുക്ഷേത്രം. ദീപാവലി ദിനമായ നാളെ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടക്കും. ഭക്തരുടെ വലിയ തിരക്കാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായ പ്രത്യേക ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അബുദബിയിലെ ഹിന്ദുക്ഷേത്രത്തില്‍ ഇന്നലെ മുതല്‍ തന്നെ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമായി.
വൈകുന്നേരം 7.30 മുതല്‍ ഒമ്പത് മണി വരെയാണ് ദീപാവലി പൂജകള്‍ നടക്കുക. ഈ മാസം 26 വരെ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കും. അന്നക്കൂട്ട്, മഹാ അന്നക്കൂട്ട് തുടങ്ങിയ ചടങ്ങുകള്‍ 22, 25, 26 ദിവസങ്ങളിലായി നടക്കും. ദീപാവലി ദിവസത്തെ തിരക്ക് കണക്കിലെടുത്ത് ഭക്തര്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം.
ക്ഷേത്രത്തില്‍ എത്തുന്ന ഓരോ വ്യക്തിയും മുന്‍കൂട്ടിയുള്ള ബുക്ക് ചെയ്യണം. ഓണ്‍ലൈന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് എന്‍ട്രി പാസും ക്യൂ ആര്‍ കോഡും ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14 ന് ക്ഷേത്രം തുറന്നതിന് ശേഷം ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ ദര്‍ശനം നടത്തിയത്.
അവധി ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടാറുള്ളത്. വാരാന്ത്യത്തിന്റെ അവസാന ദിവസങ്ങളില്‍ ഒരു ദിവസം 15,000 മുതല്‍ 18,000 ആളുകള്‍ വരെ ഇവിടെ ദര്‍ശനത്തിനായി എത്താറുണ്ട്.
Content Highlights: Abu Dhabi Hindu temple in full swing for Diwali celebrations