
കണ്ണൂര്‍: കൂത്തുപറമ്പില്‍ വയോധികയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട സിപിഐഎം കൗണ്‍സിലര്‍ പി പി രാജേഷിനെ കുടുക്കിയത് നീല സ്‌കൂട്ടര്‍. നമ്പര്‍ മറച്ച നീല സ്‌കൂട്ടറിലായിരുന്നു ഹെല്‍മറ്റും കോട്ടും ധരിച്ച രാജേഷ് മാല മോഷ്ടിക്കാനെത്തിയത്. മുഖം വ്യക്തമാകാത്തതിനാലും സ്‌കൂട്ടറിന്റെ നമ്പര്‍ മറച്ചതിനാലും പ്രതിയെ തിരിച്ചറിയാന്‍ സാധിക്കാതെ വലയുകയായിരുന്നു പൊലീസ്. എന്നാല്‍ നീല സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പ്രതി കുടുങ്ങിയത്.
കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു പി പി രാജേഷ്. ഇയാള്‍ കൂത്തുപറമ്പ് നഗരസഭ നാലാംവാര്‍ഡ് കൗണ്‍സിലറായിരുന്നു. വയോധികയുടെ മാല മോഷ്ടിച്ചതിനുശേഷവും പതിവുപോലെ രാജേഷ് പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാല മോഷണക്കേസ് പ്രതിയെ അന്വേഷിക്കാനും രാജേഷ് മുന്നിലുണ്ടായിരുന്നു. എന്നാല്‍ നീല സ്‌കൂട്ടറും സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസ് രാജേഷിലേക്കുതന്നെ എത്തുകയായിരുന്നു. പ്രതിയില്‍നിന്ന് പൊലീസ് മാല കണ്ടെടുക്കുകയും ചെയ്തു. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് രാജേഷ്.
അറസ്റ്റിന് പിന്നാലെ രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ യശസ്സിന് കളങ്കമേൽപിക്കും വിധം പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജേഷിനെ പാർട്ടി പുറത്താക്കിയത്. കണിയാർകുന്നിലെ വയോധികയുടെ ഒന്നരപവൻ വരുന്ന സ്വർണമാലയാണ് രാജേഷ് പൊട്ടിച്ചത്. വീട്ടുമുറ്റത്തിരുന്ന് മീൻ വൃത്തിയാക്കുന്നതിനിടെ പ്രതി വയോധികയുടെ മാലപൊട്ടിച്ചോടുകയായിരുന്നു. ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചിരുന്നതിനാൽ പ്രതിയെ ആദ്യം തിരിച്ചറിയാനായില്ല. കൗൺസിലർക്ക് വാഹനം നൽകിയിരുന്നുവെന്ന് വാഹന ഉടമ പറഞ്ഞതോടെയാണ് പൊലീസ് അറസ്റ്റിലേക്കുൾപ്പെടെ നീങ്ങിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മറ്റുവഴികൾ ഇല്ലാതെ വന്നതോടെയാണ് കൃത്യം ചെയ്തതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
Content Highlights: Kannur chain theft case: CPM councilor was trapped by his blue scooter