
കണ്ണൂർ: കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഐഎം കൗൺസിലർ പി പി രാജേഷിനെ പാർട്ടിയിൽനിന്നും പുറത്താക്കി. പാർട്ടിയുടെ യശസ്സിന് കളങ്കമേൽപിക്കും വിധം പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന രാജേഷിനെ പാർട്ടി പുറത്താക്കിയത്.
കണിയാർകുന്നിലെ വയോധികയുടെ ഒന്നരപവൻ വരുന്ന സ്വർണമാലയാണ് നഗരസഭയിലെ നാലാം വാർഡ് കൗൺസിലറായ പി പി രാജേഷ് പൊട്ടിച്ചോടിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം. വീട്ടുമുറ്റത്തിരുന്ന് മീൻ വൃത്തിയാക്കുന്നതിനിടെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പ്രതി വയോധികയുടെ മാല പൊട്ടിച്ചോടുകയായിരുന്നു. ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചിരുന്നതിനാൽ പ്രതിയെ ആദ്യം തിരിച്ചറിയാനായില്ല.
കൂത്തുപറമ്പ് പൊലീസ് സിസിടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്. സംഭവ സമയം പ്രതി ഉപയോഗിച്ച വാഹനത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വാഹന ഉടമയെ കണ്ടെത്തി. കൗൺസിലർക്ക് വാഹനം നൽകിയിരുന്നുവെന്ന് വാഹനഉടമ പറഞ്ഞതോടെ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മറ്റുവഴികൾ ഇല്ലാതെ വന്നതോടെയാണ് കൃത്യം ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
Content Highlights: Kuthuparamba gold chain theft; CPIM councilor expelled from party